നെടുമങ്ങാട് :ഏറെ നാളിനു ശേഷം നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ മരാമത്ത് വർക്കുകൾ ത്വരിതഗതിയിൽ ആരംഭിച്ചു. എംസി റോഡിൽ വട്ടപ്പാറ തൈക്കാട് റോഡ് റീടാറിംഗിനായി 5.15 കോടി രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.കാരമൂട്- പള്ളിപ്പുറം റോഡ് റീടാറിംഗിനായി രണ്ട് കോടി രൂപ അനുവദിച്ചു.ടെൻഡർ നടപടി പൂർത്തിയായി. മുക്കം പാലമൂട് മംഗലപുരം റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 18 ലക്ഷം രൂപ അനുവദിക്കുകയും,വെമ്പായം ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 14 ലക്ഷം രൂപ അനുവദിക്കുകയും സൈറ്റ് ഹാൻഡ് ഓവർ ചെയ്തു. വരുംദിവസങ്ങളിൽ പണി തുടങ്ങുമെന്നും എം.എൽ.എ ഓഫീസ് അറിയിച്ചു.കരകുളം ഗ്രാമപഞ്ചായത്തിലെ ഐ.എച്ച്.ഡി.പി കരിമ്പ് വിള കോളനിയിൽ രണ്ടര മീറ്ററോളം വീതിയിൽ കോൺക്രീറ്റ് ചെയ്ത് പുതിയ വഴിക്കായി 20 ലക്ഷം രൂപ അനുവദിച്ചു പണിതുടങ്ങി. പള്ളിമുക്ക്- കല്ലയം റോഡ് റീടാറിംഗിനായി രണ്ടുകോടി രൂപ അനുവദിക്കുകയും നെടുമങ്ങാട് കരിപ്പൂർ റോഡിനായി മൂന്നു കോടി രൂപ അനുവദിക്കുകയും പണി തുടങ്ങുകയും ചെയ്തു.