1

തിരുവനന്തപുരം: കുമാരപുരം ജംഗ്ഷനിൽ മൂന്ന് കടകൾക്ക് തീപിടിച്ചു. കുമാരപുരം എ.ജെ ഹാളിന് സമീപമുള്ള മെഡിക്കൽ സ്റ്റോർ, ഫുട് വെയർ ഷോപ്പ്, ബാർബ‌ർ ഷോപ്പ് എന്നീ കടകൾക്കാണ് തീപിടിച്ചത്. മൂന്ന് കടകളും ഏകദേശം പൂർണമായും കത്തിനശിച്ചു.

ഇന്നലെ വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. ഫാൻസി സ്റ്റോറിലാണ് ആദ്യം തീ കണ്ടത്. തുടർന്ന് ജീവനക്കാർ പുറത്തിറങ്ങി. അപ്പോഴേക്കും തീ അതിവേഗത്തിൽ പടർന്ന് കഴിഞ്ഞിരുന്നു. ഉടൻ തന്നെ ചാക്ക ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തുമ്പോൾ സമീപത്തുണ്ടായിരുന്ന രണ്ട് കടകളിൽ കൂടി തീ പടർന്നിരുന്നു. തീ പിടിക്കുന്നത് കണ്ട് ഫാൻസി സ്റ്റോർ ജീവനക്കാർ ഉടൻ സമീപത്തെ കടക്കാരെ അറിയിച്ചത് കാരണം ആളപായമുണ്ടായില്ല.

രാജാജി നഗറിൽ നിന്നും ചാക്കയിൽ നിന്നുമുള്ള നാല് ഫയർഫോഴ്സ് യൂണിറ്റ് വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീയണച്ചത്.

ഫാൻസി കടയിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുണ്ടായിരുന്നു മെഡിക്കൽ സ്റ്റോറിലെ വിലപിടിപ്പുള്ള മരുന്നുകൾ, ഫ്രിഡ്ജ്, പണം, ഷെൽഫ് എന്നിവയും ഫാൻസി സ്റ്റോറിലെ സാധനങ്ങളും ബാർബർ ഷോപ്പിലെ ഫർണീച്ചറുകളടക്കം കത്തിനശിച്ചു.

മൂന്ന് കടകൾക്കും കൂടി 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ പരിശോധനയ്ക്ക് ശേഷമേ പൂർണമായ നാശനഷ്ടക്കണക്ക് ലഭിക്കൂ.

സ്റ്റേഷൻ ഫയർ ഓഫീസർ കെ.എൻ. ഷാജി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ‌ എഫ്. സുരേഷ്, സീനയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എൻ.കെ. സുമേഷ് എന്നിവരടങ്ങിയ സംഘമാണ് തീ അണയ്ക്കാൻ നേതൃത്വം നൽകിയത്. വി.കെ. പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഡി.ആർ. അനിൽ, എസ്. സലീം എന്നിവർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു.