1

 സൂര്യാ ഫെസ്റ്റിവലിന് തുടക്കമായി

തിരുവനന്തപുരം: 111 ദിവസം നീണ്ടുനിൽക്കുന്ന സൂര്യാ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി. സുഗതം എന്ന പേരിൽ സുഗതകുമാരിയുടെ ഓർമ്മയ്‌ക്കായി ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ ഇന്നലെ മുതൽ പ്രഭാഷണ പരമ്പര ആരംഭിച്ചു. രാമായണ കഥാപാത്രങ്ങളെക്കുറിച്ചുള്ള മുല്ലക്കര രത്നാകരന്റെ പ്രഭാഷണത്തിൽ ഇന്നലെ രാമനായിരുന്നു വിഷയം.

യുദ്ധങ്ങളുള്ള കാലത്തോളം പുരുഷ കേന്ദ്രീകൃതമാണ് ലോകമെന്നും യുദ്ധങ്ങളില്ലാത്ത കാലം ഉണ്ടാകുകയാണെങ്കിൽ സ്ത്രീകളാകും പ്രധാനികളെന്നും അദ്ദേഹം പറഞ്ഞു.

അതിനാൽ എല്ലാ സ്ത്രീപക്ഷ വാദികളും യുദ്ധങ്ങളുണ്ടാകാത്ത കാലത്തിന് വേണ്ടി യത്നിക്കണം. അച്ഛന്റെ അധികാരമോ പ്രശസ്തിയോ പണമോ കൈക്കലാക്കുക എന്നതല്ല, അച്ഛൻ നൽകിയ വാക്കുപാലിക്കുക എന്നതാണ് ഓരോ മകന്റെയും ഉത്തരവാദിത്വമെന്ന് തെളിയിക്കുകയാണ് രാമൻ ചെയ്‌തത്. നല്ല മനുഷ്യനെ കണ്ടെത്തുക എന്നതാണ് രാമന്റെ കഥാപാത്ര നിർമ്മിതിയിലൂടെ വാത്മീകി ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിന്റെ പങ്കുവയ്‌ക്കലിൽ ഉണ്ടാകുന്ന എല്ലാ ദൂഷ്യങ്ങളും രാമായണത്തിൽ ആദികവി പറഞ്ഞുവയ്ക്കുന്നുണ്ടെന്നും അതിപ്പോഴും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഭാഷണത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത ' കാസിമിന്റെ കടൽ " എന്ന ചലച്ചിത്രത്തിന്റെ ആദ്യപ്രദർശനവും നടന്നു.