
കിളിമാനൂർ: നഗരൂർ രാലൂർകാവ് പാടശേഖരത്തിലെ തരിശുനിലങ്ങളിൽ ഇനി ഗോപകുമാറിന്റെ പ്രയത്നത്താൽ പൊന്നു വിളയും. പ്രതികൂല കാലാവസ്ഥയും പന്നി ശല്യവും കാരണം പാടശേഖര സമിതി രണ്ടാംവിള കൃഷി ചെയ്യാൻ വിമുഖത കാട്ടിയപ്പോൾ പാടശേഖരം മൊത്തത്തിൽ ഏറ്റെടുത്ത് കൃഷി ചെയ്യാൻ വെള്ളല്ലൂർ ആറ്റൂർ വീട്ടിൽ ഗോപകുമാർ എന്ന കർഷകൻ തയ്യാറാവുകയായിരുന്നു.
രണ്ടര ഏക്കർ മാത്രം കൃഷിചെയ്തിരുന്ന പാടശേഖരത്തിൽ തരിശുകിടന്ന നിലങ്ങൾ ഏറ്റെടുത്തു എട്ട് ഏക്കർ നിലം രണ്ടാം വിളയ്ക്ക് തയ്യാറാക്കി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകനും നിലങ്ങൾ പൂട്ടി കൃഷിയിറക്കാൻ അച്ഛനോടൊപ്പം സജീവമായുണ്ട്. ഉമ നെല്ല് വിത്ത് വിതച്ച് പഞ്ചായത്ത് പ്രസിഡന്റ് സ്മിത രണ്ടാംവിള കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർമാരായ നിസാമുദ്ദീൻ, വിജയലക്ഷ്മി, മുൻ ബ്ലോക്ക് മെമ്പർ എസ്.കെ. സുനി, കൃഷി ഓഫീസർ റോഷ്ന, കൃഷി അസിസ്റ്റന്റുമാരായ സിമിന, സുനിത, രാലൂർകാവ് പാടശേഖര സെക്രട്ടറി മോഹനൻ നായർ, മടവൂർ പഞ്ചായത്തിലെ കർഷകൻ ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.