photo

പാലോട്: മലയോര മേഖലയുടെ പൊതുഗതാഗതത്തിന്റെ സ്വപ്ന സാക്ഷാത്കാരമായ പാലോട് കെ.എസ്.ആർ ടിസിക്ക് എം.എൽ.എ യുടെ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയായ പുതിയ മന്ദിരം 2022 ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.കെ. മുരളി എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു. ഓഫീസ്, ജീവനക്കാർക്കായുള്ള വിശ്രമകേന്ദ്രം, ടിക്കറ്റ് കൗണ്ടർ എന്നിവ ഉൾപ്പടെയാണ് നിർമ്മാണം പൂർത്തിയായത്. 167 ഓളം ജീവനക്കാരാണ് മെക്കാനിക്കൽ വിഭാഗം ഉൾപ്പടെ പാലോട് ഡിപ്പോയിൽ ജോലി ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് താത്കാലികമായി നിറുത്തിവച്ചിരുന്ന ദീർഘദൂര സർവ്വീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ തന്നെ പാലോട് കായംകുളം സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. ആദിവാസി മേഖലകളിലേക്ക് ഉണ്ടായിരുന്ന സ്റ്റേബസുകളും യാത്രക്കാരുടെ സൗകര്യാർത്ഥം ഉടനെ തന്നെ ആരംഭിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സീസൺ കഴിയുന്നതോടെ എല്ലാ സർവ്വീസുകളും ആരംഭിക്കാൻ കഴിയുമെന്നും നിലവിൽ 23 സർവ്വീസുകൾ പാലോട് നിന്നും ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നും സ്റ്റേഷൻ മാസ്റ്റർ കുമാർ പറഞ്ഞു. എന്നാൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ പഴയ ബസ് സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നും ഇവിടം കാടുകയറി നശിക്കുന്നതായും അതിനാൽ തന്നെ ഈ ഭൂമി കെ.എസ്.ആർ.ടിസിയുടെ നിയന്ത്രണത്തിലുള്ള കെട്ടിടം നിർമ്മിച്ച് വാണിജ്യാവശ്യത്തിനു നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.