kk

വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കേരളത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായിരുന്നു. നടത്തിപ്പുദോഷവും അഴിമതിയും കാരണം മുന്നോട്ടു കൊണ്ടുപോകാനാവാതെ വന്നപ്പോഴാണ് 2017-ൽ സ്ഥാപനം വില്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ആയിരത്തിലേറെപ്പേർക്ക് നേരിട്ടും അതിലേറെപ്പേർക്ക് പരോക്ഷമായും തൊഴിൽ നല്‌കിയിരുന്ന സ്ഥാപനം നാലുവർഷമായി നിശ്ചലമാണ്. കമ്പനി സ്ഥിതിചെയ്യുന്ന എഴുന്നൂറ് ഏക്കർ സ്ഥലം നോക്കാനാളില്ലാതെ അനാഥമായി. രാജ്യത്ത് ഏറ്റവും മികച്ച പത്രക്കടലാസ് ഉത്‌പാദിപ്പിച്ചിരുന്ന എച്ച്.എൻ.എൽ അടച്ചുപൂട്ടിയത് സംസ്ഥാനത്തെ പത്രസ്ഥാപനങ്ങൾക്കും വലിയ പ്രഹരമായിരുന്നു.

കേന്ദ്രം പൊതുവിപണിയിൽ വില്പനയ്ക്കുവച്ചിരുന്ന എച്ച്.എൻ.എൽ എല്ലാ ആസ്‌തി ബാദ്ധ്യതകൾ സഹിതം 146 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം സന്ദേഹത്തോടെ വീക്ഷിച്ചവരുണ്ടാകാം. എച്ച്.എൻ.എൽ ഇനി കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എൽ) എന്നറിയപ്പെടും. പുതുവർഷദിനം മുതൽ സംസ്ഥാനത്തിന്റെ വ്യവസായ ഭൂപടത്തിൽ ഇടംപിടിക്കുന്ന സ്ഥാപനം പഴയ പ്രതാപത്തോടെ വ്യാവസായിക ചരിത്രത്തിൽ പുത്തൻ അദ്ധ്യായം രചിക്കും. ആറുമാസം കൊണ്ട് നവീകരണം പൂർത്തിയാക്കി ജൂൺമാസത്തോടെ കടലാസ് ഉത്‌പാദനം തുടങ്ങാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ പൾപ്പും മറ്റു വസ്തുക്കളും ഇറക്കുമതി ചെയ്യും. പഴയ പത്രക്കടലാസ് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാനാവും. അടുത്ത ഘട്ടത്തിലാകും മുന്തിയതരം കടലാസുകളുടെ ഉത്‌പാദനം. എച്ച്.എൻ.എലിനാവശ്യമായ ഈറ വളർത്താൻ 2600 ഹെക്ടർ വനഭൂമി വിട്ടുകൊടുത്തിരുന്നു. അത് കെ.പി.പി.എല്ലിനും ഉപയോഗിക്കാനാവും. നാലുഘട്ടങ്ങളിലായി പുനരുദ്ധാരണം പൂർത്തിയാക്കാനാണ് പദ്ധതി. ആദ്യ രണ്ട് ഘട്ടങ്ങൾക്കാവശ്യമായ 125 കോടി രൂപ സംസ്ഥാന സർക്കാർ കിൻഫ്ര വഴി നല്കും.

ഉയർന്ന ഗുണനിലവാരത്തിലുള്ള ന്യൂസ് പ്രിന്റിന് ആവശ്യക്കാരേറെയായിരുന്നു. ആവശ്യം നേരിടാൻ തക്കവിധം ഉത്‌പാദനശേഷി കൂട്ടാൻ കഴിഞ്ഞിരുന്നില്ല. നഷ്ടത്തിലാകാനുള്ള സാഹചര്യം സ്വയം ഉണ്ടാക്കിയെടുത്തതാണ്.

എച്ച്.എൻ.എൽ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പുതിയൊരു കാൽവയ്‌പാണ്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതിന്റെയും സ്ഥിതി ആശാവഹമല്ല. ന്യൂസ്‌ പ്രിന്റ് ഫാക്ടറി ആ ഗണത്തിൽ വരാതിരിക്കട്ടെ. ന്യൂസ് പ്രിന്റിനും മറ്റ് കടലാസുകൾക്കും അത്രയധികം ആവശ്യക്കാർ ഇവിടെത്തന്നെയുണ്ട്. എച്ച്.എൻ.എല്ലിനു പൂട്ടുവീഴുന്ന കാലത്ത് 300 ടൺ ന്യൂസ്‌ പ്രിന്റായിരുന്നു ഉത്‌പാദനശേഷി. പഴയ ജീവനക്കാരിൽ അർഹരായവർക്കെല്ലാം പുനർനിയമനം നല്‌കുമെന്ന് വ്യവസായമന്ത്രി ഉറപ്പുനല്‌കിയിട്ടുണ്ട്. ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ പിരിയേണ്ടി വന്നവരോടും സർക്കാർ അനുഭാവം കാണിക്കണം.

ഇതിനൊപ്പം 1900 കോടി രൂപ ചെലവിൽ റബർ അധിഷ്ഠിത വ്യവസായശാല കൂടി തുടങ്ങുന്നു. കേരള റബർ ലിമിറ്റഡ് എന്ന പേരിൽ തുടങ്ങുന്ന സ്ഥാപനത്തിൽ ടയറുകളും ലാറ്റക്സ് ത്രെഡും ഗ്ളൗസും മറ്റും ഉത്‌പാദിപ്പിക്കാനാണ് പരിപാടി. റബറിന്റെ നാടായ സംസ്ഥാനത്ത് ഏറെ വിജയസാദ്ധ്യതയുള്ള വ്യവസായസംരംഭമാകും ഇത്.