kallambalam-jn

കല്ലമ്പലം: കല്ലമ്പലത്ത് ദേശീയ പാത വികസനം ആരംഭിക്കുന്നതിൽ ആശയക്കുഴപ്പത്തിലാണ് വ്യാപാരികളും നാട്ടുകാരും. മാർച്ചും ധർണയും നടത്തി വ്യാപാരികൾ സംഭവത്തിൽ പ്രതിഷേധിക്കുകയും അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തിട്ടും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിലും ഇനിയും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല.

ദേശീയപാത ആറുവരിപ്പാതയായി നിർമ്മിക്കുമ്പോൾ കല്ലമ്പലത്തിൽ ഓവർബ്രിഡ്ജ് നിർമ്മിക്കും. സിമെന്റ് പാളികൾ വശങ്ങളിൽ കുത്തനെ നിറുത്തി (ആർ.ഇ വാൾ) മണ്ണിട്ട് നികത്തി ഉയർത്തിയാണ് ഓവർബ്രിഡ്ജിന്റെ നിർമ്മാണം നടക്കുകയെന്നാണ് വിവരം. പണി പൂർത്തിയാകുമ്പോൾ കല്ലമ്പലം ജംഗ്ഷൻ കോൺക്രീറ്റ് മതിൽ കെട്ടി വേർതിരിച്ച പ്രതീതിയായിരിക്കും.

ജംഗ്ഷന്റെ മദ്ധ്യഭാഗത്തായി വർക്കലയ്ക്കും നഗരൂരിനും പോകാൻ ക്രോസിംഗിനായി സർവീസ് റോഡ്‌ ബന്ധപ്പെടുത്തി ഓവർബ്രിഡ്ജിന്റെ അടിയിലൂടെ പാതയുണ്ടാകും. അടിപ്പാതകൾ മൂന്ന് തരമായി തിരിച്ചിട്ടുണ്ട്. വാഹനങ്ങൾ കടന്നുപോകുന്ന വീതിയുടെ അടിസ്ഥാനത്തിലാണ് തരംതിരിവ്. ചെറിയ വാഹനങ്ങൾ കടന്നുപോകുന്ന ലൈറ്റ് വെഹിക്കിൾ അണ്ടർപാസ് (എൽ.വി.യു.പി) ഇടത്തരം വാഹനങ്ങൾക്കുള്ള എസ്.യു.പി വലിയ വാഹനങ്ങൾ പോകുന്ന വി.യു.പി എന്ന രീതിയിലാണ് അണ്ടർപാസ്.

കടമ്പാട്ടുകോണത്തിനും കല്ലമ്പലത്തിനും ഇടയിൽ നാല് അണ്ടർപാസുകളാണ് നിർദ്ദേശിച്ചിട്ടുള്ളത്. ദേശീയപാതയിൽ മീഡിയനിൽ (റോഡ് വേർതിരിക്കുന്ന ഭിത്തി) മറികടക്കാൻ അനുമതിയില്ല. അതിന് സാധിക്കുകയുമില്ല. നിലവിലുള്ള എൻ.എച്ച്, റോഡിൽ നിന്ന് മൂന്ന് നാല് അടി ഉയരത്തിലായിരിക്കും, ഇതുമൂലം സർവീസ് റോഡുകളിലൂടെയല്ലാതെ മറ്റു സ്ഥലങ്ങളിലൂടെ ദേശീയ പാതയിലേക്ക് കയറാൻ കഴിയില്ല. തുറവൂരിനും കഴക്കൂട്ടത്തിനും ഇടയിൽ ഇത്തരത്തിലുള്ള ക്രോസിംഗ് ആയതിനാൽ സിഗ്നൽ ലൈറ്റുകൾ ഉണ്ടാകില്ല. തുറവൂർ കഴക്കൂട്ടം സെക്ടറിൽ 26 ഓവർബ്രിഡ്ജുകളാണ് നിർദ്ദേശിച്ചിട്ടുള്ളത്. എല്ലാംതന്നെ മതിൽക്കെട്ട് പോലെ ആർ.ഇ വാൾ രീതിയിലായിരിക്കും. പ്രധാന ജംഗ്ഷൻ കേന്ദ്രീകരിച്ച് ഇതര സ്ഥാപനങ്ങൾ റോഡിന് ഇരുവശങ്ങളിലായി ഉള്ളതിനാൽ മതിൽ കെട്ടിയ ഓവർബ്രിഡ്ജ് വ്യാപാരികളെ ദോഷകരമായി ബാധിക്കും.

കുടിയൊഴിപ്പിക്കുന്നത് - 125 കടകൾ

ഓവർബ്രിഡ്ജ് നിർമ്മാണം

പാർക്കിംഗിന്റെ ആവശ്യകത കണക്കിലെടുത്താണ് ഓവർബ്രിഡ്ജ് നിർമ്മാണം പില്ലറുകളിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. വാഹന പാർക്കിംഗ് പ്രശ്നങ്ങൾക്കും പരിഹാരമാകും. നിർമ്മാണച്ചെലവ് അധികമാകുന്നതിനാലാകാം അധികൃതർ പില്ലറിൽ ഓവർബ്രിഡ്ജ് നിർമ്മിക്കാതെ ആർ.ഇ വാളിൽ നിർമ്മിക്കുന്നതെന്നാണ് വിലയിരുത്തൽ.

വ്യാപാരികളുടെ ആശങ്കകൾ

കടമ്പാട്ടുകോണം - കഴക്കൂട്ടം ദേശീയപാത വികസനത്തിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം ലഭിക്കുമോ?

ഭൂമിക്കും കെട്ടിടത്തിനും ഉടമയ്ക്ക് ന്യായമായ വില കിട്ടുമോ

കല്ലമ്പലം ജംഗ്ഷനിലെ നിർദ്ദിഷ്ട ഫ്ലൈഓവർ പില്ലറിൽ നിർമ്മിച്ച് കല്ലമ്പലത്തെ രണ്ടായി വിഭജിക്കുന്നത് ഒഴിവാക്കപ്പെടുമോ?

കല്ലമ്പലത്ത് ഓവർബ്രിഡ്ജ് നിർമ്മാണം പില്ലറുകളിലാക്കി വ്യാപാരികളുടെയും ജനങ്ങളുടെയും ബുദ്ധിമുട്ട് ഒഴിവാക്കണം. വികസനവുമായി ബന്ധപ്പെട്ട് ജംഗ്ഷനിലെ 125 കടകളാണ് പൊളിച്ചുമാറ്റുന്നത്. ഇതിൽ 75 വ്യാപാരികൾ 50 വർഷത്തോളമായി വാടകയ്ക്കാണ് കച്ചവടം നടത്തുന്നത്. കെട്ടിട ഉടമയ്ക്ക് കടമുറിക്കും ഭൂമിക്കും നഷ്ടപരിഹാരം ലഭിക്കുമ്പോൾ വഴിയാധാരമാവുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും പുനരധിവാസമോ നഷ്ട പരിഹാരമോ ഉറപ്പാക്കണം.

ബി. മുഹമ്മദ് റാഫി, ആക്ഷൻ കൺവീനർ