തിരുവനന്തപുരം: വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്നവർക്ക് രണ്ടു വർഷത്തിലൊരിക്കൽ കേരള സഹൃദയവേദി ഏർപ്പെടുത്തിയിട്ടുള്ള അച്ചീവ്മെന്റ് അവാർഡുകൾ പ്രഖ്യാപിച്ചു. എൻ.ആർ.ഐ ബിസിനസ് രംഗത്തുള്ള എക്‌സലൻസ് അവാർഡ് ഹോട്ട് പാക്ക് മൾട്ടിനാഷണൽ കമ്പനി മാനേജിംഗ് ഡയറക്ടർ പി.ബി. അബ്ദുൾ ജബാറിന് നൽകും. മാതൃഭൂമി മുൻ ബ്യൂറോ ചീഫ് കെ. പ്രഭാകരൻ, സാഹിത്യകാരി ഗിരിജാ സേതുനാഥ്, ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഒഫ് കമ്പനി ചെയർമാൻ ഡോ. മുഹമ്മദ് ഇബ്രാഹിം പാവൂർ, കൃഷ്ണാതീരം മാനേജിംഗ് ഡയറക്ടർ കോട്ടുകാൽ കൃഷ്ണകുമാർ, കാർഷിക രംഗത്തുള്ള ഗ്രേഷ്യസ് ബെഞ്ചമിൻ എന്നിവർക്കാണ് അവാർഡ്. മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി ചെയർമാനും ടി.ബാലകൃഷ്ണൻ,ഇ.എം.നജീബ്,സതീഷ് ബാബു പയ്യന്നൂർ, കായംകുളം യൂനുസ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
29ന് വൈകിട്ട് മാസ്‌കറ്റ് ഹോട്ടലിൽ നൽകുന്ന ചടങ്ങിൽ സ്പീക്കർ എം.ബി. രാജേഷ് അവാർഡ് സമ്മാനിക്കും. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകുമെന്ന് പ്രസിഡന്റ് ചാന്നാങ്കര എം.പി.കുഞ്ഞ് അറിയിച്ചു.