images

തിരുവനന്തപുരം: കാലാവധി തീരാൻ ആഴ്‌ചകൾ മാത്രമുള്ള യു.പി സ്‌കൂൾ അദ്ധ്യാപക റാങ്ക് ലിസ്റ്റിലെ തിരുവനന്തപുരം ജില്ലാതല പട്ടികയിൽ നിന്നുള്ള നിയമന ശുപാർശ ഇഴയുന്നു. ജനുവരി 4 ന് റദ്ദാകുന്ന തിരുവനന്തപുരം ജില്ലയിലെ യു.പി.എസ്.എ റാങ്ക് പട്ടികയിൽ നിയമനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് 60 പേരാണ് കാത്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും പ്രായപരിധി പിന്നിട്ടവരാണ്. ആകെ 359 പേരടങ്ങുന്ന മെയിൻ ലിസ്റ്റിൽ നിന്നും ഇതുവരെ 273 പേർക്കാണ് നിയമനം ലഭിച്ചത്.
സുപ്രീം കോടതിയിൽ കേസ് നിലവിലുള്ളതിനാൽ 78 ഒഴിവുകളിലേക്ക് ഇവരെ പരിഗണിക്കാനാവില്ല. പി.എസ്.സിയുടെ അലംഭാവം കാരണമാണ് കേസ് നീണ്ടുപോകുന്നതെന്നും റാങ്ക് പട്ടികയിലുള്ളവർ ആരോപിക്കുന്നു. തസ്തിക നിർണയം നടക്കാത്തതിനാൽ 120 ലധികം ഒഴിവുകൾ ഈ റാങ്ക് പട്ടികയിലുള്ളവർക്ക് നഷ്ടപ്പെട്ടതായും ഇവർ പറയുന്നു. ഹെഡ്മാസ്റ്റർ പ്രൊമോഷനിലൂടെ ഉണ്ടായ 68 ഒഴിവുകൾ ഒരുമാസം മുൻപ് റിപ്പോർട്ട് ചെയ്‌തിട്ടും നിയമന ഉത്തരവ് നൽകിയിട്ടില്ല. അതിനാൽ അതുവഴി ഉണ്ടാകുന്ന എൻ.ജെ.ഡി ഒഴിവുകളും ഈ ലിസ്റ്റിന് ലഭിക്കുന്നില്ല.

അതേസമയം യു.പി സ്‌കൂൾ അദ്ധ്യാപക റാങ്ക് പട്ടികയിൽ നിന്നുള്ള സംസ്ഥാനതല നിയമന ശുപാർശ 3,663 ആയി. കൂടുതൽ നിയമന ശുപാർശ മലപ്പുറത്താണ് നടന്നത്. മുഖ്യപട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന 934 പേരിൽ 893 പേർക്കും നിയമനം ലഭിച്ചു. പൊതുവിഭാഗത്തിൽ 796 റാങ്ക് വരെയുള്ളവർക്ക് നിയമന ശുപാർശ നൽകി. എറണാകുളത്തെ റാങ്ക് പട്ടികയിലെ മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും നിയമന ശുപാർശ നൽകിയിരുന്നു. കോഴിക്കോട്, കാസർകോട് ജില്ലകളിലെ ലിസ്റ്റ് കാലവധി തികയ്ക്കും മുൻപ് മുഴുവൻ നിയമനവും നൽകി റദ്ദായി. കണ്ണൂർ, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ റാങ്ക് ലിസ്റ്റ് ഈ മാസം റദ്ദാക്കും. കൊല്ലം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളുടെ ലിസ്റ്റ് അടുത്തമാസമാണ് റദ്ദാക്കുന്നത്. ഈ ജില്ലകളിൽ ഒഴിവുകൾ ഇനിയും റിപ്പോർട്ട് ചെയ്യാനുണ്ട്. സ്‌കൂളുകൾ തുറന്നെങ്കിലും കുട്ടികളുടെ എണ്ണമെടുക്കാത്തതിനാൽ രണ്ടുവർഷം മുൻപുള്ള തസ്തിക നിർണയ രീതിയാണ് ഇപ്പോൾ അനുവർത്തിക്കുന്നത്. അതിനാൽ ഒഴിവുകൾ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യണമെങ്കിൽ കുട്ടികളുടെ എണ്ണം നിശ്ചയിച്ച് തസ്‌തിക നിർണയിക്കണം. ഇനി അടുത്തവർഷം മാത്രമേ അതുണ്ടാകൂ. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ വിരമിച്ചവർക്ക് പകരം നിയമനവും പലയിടത്തും നടന്നിട്ടില്ല.