കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജനുവരി മൂന്നിന് രാവിലെ 10.30ന് നടക്കും. മുൻ പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ ടി. സനൽകുമാർ കോൺഗ്രസ് അവിശ്വാസം പാസായതിനെ തുടർന്ന് രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും അവിശ്വാസത്തെ പിന്തുണച്ചിരുന്നു. 23 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് -9, കോൺഗ്രസ്-7, ബി.ജെ.പി-6, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അവിശ്വാസത്തിലൂടെ പുറത്തായ ടി.സനൽകുമാർ തന്നെയാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫ് ഒരു സ്വതന്ത്രന്റെ പിൻതുണയോടെ ആർ. അനൂപ് കുമാറിനെ മത്സരിപ്പിക്കും. ബി.ജെ.പിയും സ്വന്തം നിലയിൽ മത്സരിക്കും. അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതുപോലെ ബി.ജെ.പി നിലപാടെടുത്താൽ ഭരണമാറ്റത്തിനും സാദ്ധ്യതയുണ്ട്. അതേസമയം പഞ്ചായത്തിൽ അവിശുദ്ധ കൂട്ടുകെട്ടിനില്ലെന്ന നിലപാടിലാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം. ഈ നിലയിലാണ് കാര്യങ്ങളെങ്കിൽ പുറത്തായ പ്രസിഡന്റു തന്നെ തിരിച്ചെത്തുകയും സി.പി.എം ഭരണം നിലനിറുത്തുകയും ചെയ്യും.