banana-farming

വെള്ളറട: മലയോരത്ത് പ്രധാന കൃഷികളിലൊന്നായ വാഴക്കൃഷിക്ക് സർക്കാർ സഹായം ലഭിക്കാത്തതിനാൽ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഹെക്ടർ കണക്ക് സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് ഏറെയും.

ഈ അടുത്തകാലത്താണ് വാഴക്കുലകൾക്ക് നേരിയ വിലയെങ്കിലും കർഷകന് ലഭിച്ചത്. അതും കാര്യമായ കായ്ഫലം ലഭിക്കാത്ത സാഹചര്യത്തിൽ. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യുന്നതിനും മറ്റുമായി കടം വാങ്ങിയും പലിശക്കെടുത്തും കൃഷിയിറക്കിയാൽ,​ മുടക്കുന്ന പണം പോലും തിരികെ ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു. കാലാവസ്ഥ വ്യത്യയാനം മൂലം ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് മേഖലയിൽ നശിച്ചത്.

വളവും, കൃഷിക്ക് ആവശ്യമായ സഹായവും സർക്കാരിൽ നിന്ന് ലഭിച്ചാൽ മാത്രമേ ഇനി ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കൂവെന്ന് കർഷകർ ഫരയുന്നു. കുന്നത്തുകാൽ, ആര്യങ്കോട്, ഒറ്റശേഖരമംഗലം, വെള്ളറട, അമ്പൂരി പഞ്ചായത്തുകളിലാണ് വ്യാപകമായ തോതിൽ വാഴ കൃഷി ചെയ്യുന്നത്. നിലവിൽ തമിഴ്നാട്ടിൽ നിന്ന് കിട്ടുന്ന പഴങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജില്ല. ലോറിക്കണക്കിന് വാഴക്കുലകളാണ് നമ്മുടെ മാർക്കറ്റുകളിൽ തമിഴ്നാട്ടിൽ നിന്ന് എത്തുന്നത്.

കർഷകർ നേരിടുന്ന പ്രശ്നങ്ങൾ

#കാലാവസ്ഥ വ്യതിയാനം വാഴക്കൃഷിക്ക് തിരിച്ചടിയാകുന്നു

#കാട്ടുപന്നികളുടെ ശല്യം രൂക്ഷം

#പാട്ടത്തിന് സ്ഥലം എടുത്ത് കൃഷി ചെയ്യുന്ന ക‌ർഷകർക്ക് പാട്ടത്തുക പോലും ലഭിക്കുന്നില്ല

#പ്രകൃതി ദുരന്തങ്ങളിൽ കൃഷി നശിച്ചാൽ കിട്ടുന്നത് തുച്ഛമായ നഷ്ടപരിഹാരം

#ഏത്തവാഴയും കപ്പവാഴയും കൃഷിചെയ്യുന്ന കർഷകർക്ക് കൂടുതൽ നഷ്ടം

വാഴകർഷകരെ സഹായിക്കാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും അതൊന്നും കർഷകന് യഥാസയമം ലഭിക്കുന്നില്ല. അതിനാൽ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്

ജോസ് മണ്ണാംകോണം, വാഴ കർഷകൻ