1

വിഴിഞ്ഞം: കാൽനൂറ്റാണ്ടിനു ശേഷം വെങ്ങാനൂർ ഏലായിൽ വെങ്ങാനൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നെൽക്കൃഷി ആരംഭിച്ചു. രാഷ്ട്രീയ കൃഷി വികസന യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. ഏക്കറുകണക്കിന് കൃഷി ഭൂമിയാണ് വെങ്ങാനൂർ ഏലായിൽ ഉള്ളത്. കഴിഞ്ഞ 25 വർഷമായി വിവിധയിനം പച്ചക്കറി കൃഷികളും വാഴകളുമാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ഇവിടെ നെൽക്കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി. മുല്ലൂർ സ്വദേശി സദാനന്ദന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്താണ് ഞാറുനട്ടത്. വൈസ് പ്രസിഡന്റ് റാണി വത്സലൻ, പഞ്ചായത്ത് അംഗം മിനി വേണുഗോപാൽ, കൃഷി ഓഫീസർ പ്രകാശ് ക്രിസ്റ്റ്യൻ, അസി. കൃഷി ഓഫീസർ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.