തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളത്ത് ആറ് പേർക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേർക്കുമാണ് സ്ഥിരീകരിച്ചത്. ആകെ ഒമിക്രോൺ കേസുകൾ 24 ആയി.
ബ്രിട്ടനിൽ നിന്നെത്തിയ രണ്ട് പേർ (18), (47), ടാൻസാനിയയിൽ നിന്നെത്തിയ യുവതി (43), ആൺകുട്ടി (11), ഘാനയിൽ നിന്നെത്തിയ യുവതി (44), അയർലൻഡിൽ നിന്നെത്തിയ യുവതി (26) എന്നിവർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്ന് വന്ന ദമ്പതിമാർക്കും (54), (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് സ്ഥിരീകരിച്ചത്. 18, 19 തീയതികളിൽ നെടുമ്പാശേരി എയർപോർട്ടിലെത്തിയ ആറ് പേരും പരിശോധനയിൽ കൊവിഡ് പോസിറ്റീവായിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ പുറത്ത് നിന്നുള്ളവരാരുമില്ല.
10ന് നൈജീരിയയിൽ നിന്ന് തിരുവനന്തപുരത്തിലെത്തിയ ദമ്പതികൾക്ക് 17ന് നടത്തിയ തുടർ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കൾ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. 18ന് യു.കെയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ 51കാരിക്ക് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നടത്തിയ പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു.