
മലയിൻകീഴ്: മാറനല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ ഭീതിയുടെ നിഴലിലാക്കി അഴിഞ്ഞാടുകയും പിടികൂടാനെത്തിയ പൊലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർകൂടി അറസ്റ്റിൽ. തൂങ്ങാംപാറ തണ്ണിപാറ പുത്തൻവീട്ടിൽ വിഷ്ണു(29), തണ്ണിപാറ മേലേപുത്തൻവീട്ടിൽ ശരൺ(25), കണ്ടല അന്തിചന്ദൻ മേലേപുത്തൻവീട്ടിൽ അനന്തു (ചക്കു-23), കണ്ടല തണ്ണിപ്പാറ പുത്തൻവീട്ടിൽ അനന്തൻ (24) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ആറുപേർ നേരത്തെ അറസ്റ്റിലായിരുന്നു.
ശനിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കഞ്ചാവിന്റെ ലഹരിയിൽ നാട്ടുകാരെ അസഭ്യം പറഞ്ഞ അക്രമികൾ ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ വെട്ടിച്ചുകടന്ന ഇവർ വിവിധ സ്ഥലങ്ങളിലെത്തി അക്രമം അഴിച്ചുവിട്ടു. ഇതിന് ശേഷം കണ്ടല സ്റ്റേഡിയത്തിൽ തമ്പടിച്ച ഇവരെ പിടികൂടാനായി എത്തിയ പൊലീസ് സംഘത്തെയും ഇവർ ബിയർ ബോട്ടിലുകൾ ഉപയോഗിച്ച് ആക്രമിക്കുയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് വാഹനത്തിന്റെ ചില്ലും കുപ്പിയേറിൽ തകർന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പൊലീസെത്തി വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ആറുപരെ അറസ്റ്റ് ചെയ്തത്.