
പോത്തൻകോട്: പോത്തൻകോട് കൊലപാതകക്കേസിൽ കസ്റ്റഡിയിൽ വാങ്ങിയ മുഴുവൻ പ്രതികളുമായി വീണ്ടും തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന കല്ലൂർ പാണൻവിളയിലെ വീട്ടിലും കൊല്ലപ്പെട്ട സുധീഷിന്റെ വെട്ടിയെടുത്ത കാൽ വലിച്ചെറിഞ്ഞ കല്ലൂർ ജംഗ്ഷനിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. മങ്കാട്ടുമൂല സ്വദേശി സുധീഷ് ഉണ്ണി, ഒട്ടകം രാജേഷ്, മുട്ടായി ശ്യാം, മൊട്ട നിധീഷ്, നന്ദീഷ്, രഞ്ജിത്, അരുൺ, സച്ചിൻ, സൂരജ്, ജിഷ്ണു, നന്ദു എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിന് നടുവിലേക്ക് ഇന്നലെ വൈകിട്ട് നാലോടെ വലിയ സുരക്ഷാ സംവിധാനത്തോടെയാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. കഴിഞ്ഞ11നായിരുന്നു വധശ്രമക്കേസ് പ്രതിയായ സുധീഷിനെ കല്ലൂർ പാണൻവിളയിലെ വീട്ടിൽ വച്ച് പതിനൊന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.