തിരുവനന്തപുരം: ഇനിയും തീരുമാനമാകാത്ത കെ-റെയിലിന് വേണ്ടി കോടികൾ മുടക്കാൻ പോകുന്ന കേരള സർക്കാർ കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് കൃത്യമായി പെൻഷൻ നൽകാൻ ശ്രമിക്കണമെന്ന് വി.എസ്. ശിവകുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരാഹാരമിരുന്ന ജെ.സി. നായരെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിലേക്ക് മാറ്റി. നിരാഹാരത്തിന്റെ മൂന്നാം ദിനം സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. ഹനീഫ റാവുത്തർ ഉദ്ഘാടനം ചെയ്തു. വഞ്ചിയൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.എ. മുഹമ്മദ് അഷ്‌റഫ്, ട്രഷറർ എ.കെ. ശ്രീകുമാർ, വൈസ് പ്രസിഡന്റുമാരായ എസ്. ബാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ നായർ, ജില്ലാ സെക്രട്ടറി രാജശേഖരൻ എന്നിവർ പങ്കെടുത്തു.