തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി പത്താംക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിന് 25 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷവിധിച്ചു. വളളക്കടവ് വയ്യാമൂല സ്വദേശി അശ്വിൻ ബിജുവിനെയാണ് (23) പ്രത്യേക പോക്സോ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരുവർഷം അധികതടവ് അനുഭവിക്കണം. 2017-2018 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ.പട്ടികജാതിക്കാരിയായ പെൺകുട്ടിയെ പ്രതി വിവാഹവാഗ്ദാനം നൽകി പല സ്ഥലങ്ങളിലും എത്തിച്ച് പതിവായി പീഡിപ്പിച്ചു. പീഡനത്തെ എതിർത്ത കുട്ടിയെ ക്രൂരമായി മർദ്ദിച്ച ഇയാൾ ആഭരണവും പണവും തട്ടിയെടുക്കുകയും ചെയ്തു.
വിവാഹിതരാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാൻ ഇയാൾ പലപ്പോഴും നെറുകയിൽ സിന്ദൂരം അണിയിച്ചാണ് കുട്ടിയെ കൂടെകൊണ്ടുപോയിരുന്നത്. പിന്നീട് ഇയാൾ മറ്റൊരു വിവാഹം കഴിച്ചതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ്മോഹൻ ഹാജരായി.