
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ രാജ്യാന്തരയാത്രക്കാർക്ക് മദ്യം വിറ്റെന്ന വ്യാജരേഖയുണ്ടാക്കി ആറുകോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ച കേസിൽ ഒന്നാംപ്രതിയായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജ്ജ് അടക്കം നാല് പ്രതികൾക്കെതിരെ സി.ബി.ഐ കുറ്റപത്രം നൽകി. ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്സ് സി.ഇ.ഒ സുന്ദരവാസനും ജീവനക്കാരായ മദൻ, കിരൺ ഡേവിഡ് എന്നിവരുമാണ് മറ്റു പ്രതികൾ. രണ്ടുവർഷമായി ഒളിവിലായിരുന്ന ലൂക്ക് 2020 നവംബറിലാണ് സി.ബി.ഐയ്ക്ക് മുന്നിൽ ഹാജരായത്. അറസ്റ്റിലായ ലൂക്ക് പിന്നീട് ജാമ്യം നേടി. കസ്റ്റംസിൽ നിന്ന് ജി.എസ്.ടി വിഭാഗത്തിലേക്ക് മാറിയ ലൂക്ക് ഇപ്പോൾ തിരുവനന്തപുരത്ത് ഓഡിറ്റിൽ സൂപ്രണ്ടാണ്.
മദ്യം കടത്താനായി രാജ്യാന്തര യാത്രക്കാരുടെ വിവരം വിദേശമദ്യ ഡ്യൂട്ടി ഫ്രീ ഷോപ്പ് 'പ്ലസ് മാക്സി"ന് നൽകിയത് ലൂക്ക് കെ. ജോർജ്ജ് ആണെന്ന് കസ്റ്റംസ് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 15 വിമാനക്കമ്പനികളിൽ നിന്നാണ് വിവരം ശേഖരിച്ചത്. മദ്യം വാങ്ങാത്ത ആയിരക്കണക്കിനു യാത്രക്കാരുടെ പേരിലാണ് വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കിയത്. ആറു വയസ്സുള്ള കുട്ടിക്ക് മൂന്നു കുപ്പി മദ്യം വിറ്റെന്ന് വരെ രേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
2017 സെപ്തംബർ ഒന്നിനും ഡിസംബർ 15നും ഇടയിലുള്ള രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങൾ 'പ്ലസ് മാക്സ്" സി.ഇ.ഒ ആർ. സുന്ദരവാസൻ എയർലൈൻസുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് എയർലൈൻസുകൾ തള്ളിയപ്പോൾ ലൂക്ക് കെ. ജോർജ് നേരിട്ട് ഇതേ ആവശ്യം എയർലൈൻസുകളോട് ഉന്നയിച്ചത് ശ്രദ്ധയിൽ പെട്ട കസ്റ്റംസ് അസി. കമ്മിഷണർ താക്കീത് നൽകി. തുടർന്ന് കസ്റ്റംസിന്റെ ശുപാർശപ്രകാരം അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ലൂക്കിനെ ഒന്നാംപ്രതിയാക്കി. അന്ന് ലൈസൻസ് റദ്ദാക്കിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഇതുവരെ തുറന്നിട്ടില്ല. വിമാനത്താവള നടത്തിപ്പ് ഏറ്രെടുത്ത അദാനി ഗ്രൂപ്പ് പുതിയ ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ട്.