pic1

നാഗർകോവിൽ: വീട്ടുകാർ പുറത്തുപോയ സമയത്ത്, പട്ടാപ്പകൽ വാതിൽ കുത്തിത്തുറന്ന് 24 പവൻ അപഹരിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. സൗത്ത് സൂരൻക്കുടി മണിയൻവിള സ്വദേശി ഗോവിന്ദരാജൻ (31), കന്യാകുമാരി സ്വദേശി ജന്യൂട്ടൻ (40) എന്നിവരെ ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശപ്രകാരം എസ്.ഐ മുത്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 23നായിരുന്നു കേസിനാസ്പദമായ സംഭവം. കന്യാകുമാരി ജില്ലയിലെ തടിക്കാരക്കോണം സ്വദേശി രാജകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ രാജകുമാറിന്റെ ഭാര്യ പ്രേമ വീടുപൂട്ടി പുറത്തുപോയിരുന്നു. തിരികെ എത്തിയപ്പോൾ മുൻവാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്. അകത്തുകയറി നോക്കിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായ വിവരം അറിയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ കീരിപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ പിടികൂടാനായില്ല. സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറി‌ഞ്ഞ പൊലീസ് കഴിഞ്ഞ ദിവസം ഇവർ നാഗർകോവിൽ ബീച്ച് റോഡിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്ന് മോഷ്ടിച്ച 12 പവനോളം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.