general

ബാലരാമപുരം: ബാലരാമപുരം,​ വെങ്ങാനൂർ പഞ്ചായത്തിന്റെ അതിർത്തിയിൽ വരുന്ന പനയറക്കുന്ന്-ഇടുവ റോഡിന് ശാപമോക്ഷം വേണമെന്ന് നാട്ടുകാർ. റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ലെന്നാണ് പരാതി. ഇതിനിടെയാണ് തദ്ദേശ ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നെന്ന് ആക്ഷേപമുയർന്നിരിക്കുന്നത്. ലൈഫ് പദ്ധതിയിൽ വീടില്ലാത്തവർക്ക് സ്ഥലം കണ്ടെത്താൻ പണമില്ലെന്ന അധികൃതരുടെ ന്യായത്തിൽ ആനുകൂല്യം ലഭിച്ചവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പനയറക്കുന്ന് – ഇടുവ റോഡ് നിലവിൽ പൂർണമായും തകർന്ന നിലയിലാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റോഡിലെ കുഴികളുടെ എണ്ണം കൂടിയതല്ലാതെ മെയിന്റനൻസ് ജോലികളൊന്നും ഇതേവരെ നടന്നിട്ടില്ല. പഞ്ചായത്ത് റോഡായതിനാൽ ഫണ്ടില്ലെന്ന കാരണത്താൽ ജനപ്രതിനിധികളും കൈയൊഴിയുകയാണ്. ഇരുഭാഗത്തും ഓട നിർമ്മിച്ച് സ്ലാബുകൾ സ്ഥാപിക്കുന്നതിന് പത്ത് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. തദ്ദേശ സ്ഥാപനങ്ങളിൽ ഫണ്ടിന്റെ അപര്യാപ്തത മൂലം മിക്ക ഗ്രാമീണറോഡുകളും ശോചനീയാവസ്ഥയിലാണ്.

ഓടയില്ലാത്തതിനാൽ സമീപത്തെ വീടുകളിൽ നിന്നുള്ള മലിനജലം റോഡിലൂടെയാണ് ഒഴുകിയെത്തുന്നത്. സമീപത്തായാണ് മൈനർ ഇറിഗേഷന്റെ കനാൽ സ്ഥിതിചെയ്യുന്നത്. റോഡിനെയും കനാലിനെയും ബന്ധിപ്പിക്കുന്നിടമെല്ലാം വൻ ഗർത്തങ്ങൾ രൂപപ്പെട്ടുവരികയാണ്. റോഡിൽ കെട്ടിനിൽക്കുന്ന ജലം കനാലിന് സമീപം വഴി ഒഴുകി പാലവും അപകടാവസ്ഥയിലാണ്. റോഡ് നിർമ്മാണത്തോടൊപ്പം ഓടയും കനാലിന്റെ സംരക്ഷണഭിത്തി കോൺക്രീറ്റ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുകയാണ്. ഇറിഗേഷൻ അധികൃതരുമായി ചേർന്ന് കൂടുതൽ ഫണ്ട് അനുവദിച്ച് പനയറക്കുന്ന്-ഇടുവ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.