
ബാലരാമപുരം: തിരക്കേറിയ ബാലരാമപുരം ജംഗ്ഷനിൽ വെയിൽ കൊണ്ട് യാത്രക്കാർ ഇനി ക്ഷീണിക്കേണ്ട. പതിറ്റാണ്ടുകളുടെ യാത്രക്കാരുടെ ആവശ്യത്തിന് അഡ്വ. എം. വിൻസെന്റ് എം.എൽ.എയുടെ പച്ചക്കൊടി. തന്റെ ആസ്തി വികസനഫണ്ടിൽ നിന്ന് 14.5 ലക്ഷം രൂപയാണ് കാത്തിരിപ്പ് കേന്ദ്രത്തിന് അനുവദിച്ചത്.
നിരവധി പ്രത്യേകതകളോടെയാണ് ബസ് ഷെൽട്ടർ ഒരുക്കുന്നത്. മൊബൈൽ റീച്ചാർജിംഗ്, എഫ്.എം റേഡിയോ, വൈഫൈ ഇന്റർനെറ്റ് കണക്ഷൻ, സി.സി ടിവി കാമറ തുടങ്ങി അത്യാധുനിക സംവിധാനത്തോടെയാണ് നിർമ്മാണം പൂർത്തീകരിക്കുന്നത്. പതിനഞ്ച് മീറ്റർ നീളത്തിലും രണ്ടര മീറ്റർ വീതിയിലുമാണ് ബസ് ഷെൽട്ടർ നിർമ്മിക്കുന്നത്. സാങ്കേതിക മികവോടെ നിർമ്മിക്കുന്ന ജില്ലയിലെ ആദ്യത്തെ കാത്തിരിപ്പ് കേന്ദ്രം കൂടിയാവും ഇത്. പ്രാരംഭജോലികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനത്തിനായി ഒരുങ്ങും.