
തിരുവനന്തപുരം: 2018ലെ ഫുട്ബാൾ ലോകകപ്പിന്റെ റൗണ്ട് ഒഫ് 16ൽ സ്‌പെയിനും പോർച്ചുഗലുമായുള്ള മത്സരത്തിനിടെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഫ്രീകിക്ക് ഗോൾ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർത്ഥി ആദിത്യകൃഷ്‌ണന്റെ മനസിലേക്ക് കോറിയിട്ടത് ഒരു പുതിയ കഥയായിരുന്നു. അവൻ അത് എഴുതിത്തീർത്ത് ' എ ബർത്ത്ഡേ ഡ്രീം" എന്ന് പേരുമിട്ടു.
ലോകകപ്പിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എഴുതിയ പുസ്‌തകത്തിന്റെ പ്രകാശനം നാളെ നടക്കും. അന്നത്തെ ഗോളിന് ഷൈജു ദാമോദരൻ നടത്തിയ ആവേശകരമായ കമന്ററിക്കും ആദിത്യൻ തന്റെ പുസ്‌തകത്തിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. ഫുട്ബാളും സ്കൂളും ഒക്കെ ചേർന്ന ഒരു എട്ടാം ക്ളാസുകാരൻ ആകാശ് ഹരിദാസിന്റെയും സുഹൃത്തുക്കളുടെയും കഥയാണ് എ ബർത്ത്ഡേ ഡ്രീം പറയുന്നത്.
കുട്ടിക്കാലം മുതൽ ചെറുകഥകൾ എഴുതുന്ന ആദിത്യന് പിന്തുണയുമായി ഐ.എസ്.ആർ.ഒ ജീവനക്കാരിയായ അമ്മ രശ്‌മിയും ഒപ്പമുണ്ട്. രണ്ട് വർഷം മുമ്പാണ് തന്റെ സ്‌കൂൾ ഓർമ്മകളെയും ഫുട്ബാൾ പ്രണയത്തെയും പ്രമേയമാക്കി ആദിത്യകൃഷ്ണൻ എഴുതാൻ തുടങ്ങിയത്. കൊവിഡ് കാരണം പുസ്‌തകം പുറത്തിറക്കാൻ വൈകി. കറണ്ട് ബുക്‌സാണ് പ്രസാധകർ. നാളെ വൈകിട്ട് 6.30ന് തൈക്കാട് ഗണേശത്തിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരി ഖയറുന്നിസ പുസ്‌തകം പ്രകാശനം ചെയ്യും. സൂര്യ കൃഷ്ണമൂർത്തി, പട്ടം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ അജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.