
തദ്ദേശ ഉപ തിരഞ്ഞെടുപ്പിനെ ബാധിക്കും
തിരുവനന്തപുരം: പാർലമെന്റ്, നിയമസഭ, തദ്ദേശഭരണ തിരഞ്ഞെടുപ്പുകൾക്ക് രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക എന്ന കേന്ദ്ര നിർദ്ദേശം നടപ്പാക്കാൻ പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചേക്കും. പുതിയ നിർദ്ദേശത്തിന്മേൽ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം തേടാനും കമ്മിഷൻ ആലോചിക്കുന്നു.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിക്കുന്ന വോട്ടർപ്പട്ടികയും തദ്ദേശ തിരഞ്ഞെടുപ്പിന് അതത് സംസ്ഥാന കമ്മിഷനുകൾ നിശ്ചയിക്കുന്ന വോട്ടർപ്പട്ടികയുമാണ് നിലവിൽ. രണ്ടിനും വോട്ടർപ്പട്ടിക തയ്യാറാക്കുന്ന രീതിയിലും വോട്ടർപ്പട്ടികയിലും വ്യത്യാസമുണ്ട്.
ഒറ്റ വോട്ടർ പട്ടികയായി പുനഃക്രമീകരിക്കുമ്പോൾ, തദ്ദേശ വാർഡ് തലത്തിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പുകളിൽ സംസ്ഥാന കമ്മിഷന് വോട്ടർപ്പട്ടിക പുതുക്കൽ വെല്ലുവിളിയാകും. ഒരു നിശ്ചിത വാർഡിലേക്ക് മാത്രമായി വോട്ടർപ്പട്ടിക പുതുക്കി നിശ്ചയിക്കുക അസാദ്ധ്യമാണ്. നിയമസഭാ മണ്ഡല തലത്തിലെ ബൂത്തടിസ്ഥാനത്തിലുള്ള വോട്ടർപ്പട്ടിക മാത്രമാകും പൊതുവായി നിലവിലുണ്ടാകുക എന്നിരിക്കെ, മൊത്തത്തിൽ വോട്ടർപ്പട്ടിക പുതുക്കി നിശ്ചയിക്കുകയെന്നത് അപ്രായോഗികമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ പറഞ്ഞു.
പട്ടിക ക്രമീകരണം
തീർത്തും വ്യത്യസ്തം
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക ക്രമീകരിക്കുന്നത് ഓരോ വാർഡിലെയും ബൂത്തുകൾ കണക്കാക്കിയാണ്. എന്നാൽ, നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്ക് നിയമസഭാ മണ്ഡലത്തിനകത്ത് വരുന്ന നിശ്ചിതയെണ്ണം ബൂത്തുകൾ കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക ക്രമീകരിച്ചുവരുന്നത്. രണ്ടും രണ്ടുതരം ബൂത്തുകളാണ്. ഇതടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തും. രണ്ടിനും രണ്ടുതരം വോട്ടർപട്ടികയായതിനാൽ, കഴിഞ്ഞ ഡിസംബറിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടത് വാർത്തയായിരുന്നു. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലേ അദ്ദേഹത്തിന് വോട്ടവകാശം വിനിയോഗിക്കാനായുള്ളൂ.
സംസ്ഥാനത്തെ
വോട്ടർമാർ
1. 2,74,23,236
(നവംബർ 8 വരെയുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കരട് പട്ടികയിൽ)
13272098 പുരുഷൻ, 14150863 സ്ത്രീ
2. 2,76,64,556
(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലവിലെ കരട് പട്ടികയിൽ)
1,31,77,338 പുരുഷൻ, 1,44,86,978 സ്ത്രീ
2,41,320
രണ്ടു പട്ടികയിലെയും വ്യത്യാസം
"ഒറ്റ വോട്ടർ പട്ടിക എന്ന നിർദ്ദേശം ചെലവ് കുറയ്ക്കുന്നതിനടക്കം ഉപകരിക്കുന്നതാണെങ്കിലും പ്രാദേശിക സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാതെ നടപ്പാക്കുക അസാദ്ധ്യമാണ്. നിർദ്ദേശം വരുമ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സ്ഥിതിഗതികൾ ബോധിപ്പിക്കും"
എ. ഷാജഹാൻ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ