
തിരുവനന്തപുരം: പി.എൻ.പണിക്കർ പാകിയ അടിത്തറയുള്ളതുകൊണ്ടാണ് സാക്ഷര കേരള പ്രസ്ഥാനം ജനകീയവും ഫലപ്രദവുമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പൂജപ്പുരയിൽ പി.എൻ.പണിക്കരുടെ വെങ്കല പ്രതിമ അനാവരണം ചെയ്തശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
കേരളം നൂറുശതമാനം സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി മാറിയതിന് പിന്നിലും വിദ്യാഭ്യാസത്തിൽ മഹത്തായ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞതിലും പണിക്കരുടെ മാർഗദർശിത്വമുണ്ട്.
വായനശാലകളെയും സാക്ഷരതയെയും ജനകീയ സാംസ്‌കാരിക പ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു. ഇതിലൂടെ സാധാരണക്കാർക്ക് ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ മഹദ് വ്യക്തികളുടെ ചിന്തകളെയും ആദർശങ്ങളെയും അടുത്തറിയാൻ കഴിഞ്ഞു.
പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നതും രാജ്യത്തെ ചില ജില്ലകളിൽ വികസന പരിപാടികൾ ഏറ്റെടുക്കുന്നതിനായി പണിക്കർ ഫൗണ്ടേഷനെ നിതി ആയോഗ് സഹകരിപ്പിക്കുന്നതും കേരള ഗവൺമെന്റ് പി.എൻ.പണിക്കർ വിജ്ഞാന വികാസ കേന്ദ്രം എന്ന സ്വയംഭരണ സ്ഥാപനത്തിനു തുടക്കം കുറിക്കുന്നതും ഇതിന്റെയെല്ലാം അംഗീകാരമായാണ്.
ദേശീയ വായനാദൗത്യം 2022ഓടെ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമല്ലാത്ത രാജ്യത്തെ 30 കോടി ജനതയിലേക്ക് എത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതും ഇതേ പശ്ചാത്തലത്തിലാണ്.
പൂജപ്പുര മൈതാനത്ത് ചേർന്ന പൊതുസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, കെ.എൻ.പണിക്കർ ഫൗണ്ടേഷൻ ഭാരവാഹികളായ പന്ന്യൻ രവീന്ദ്രൻ, പ്രൊഫ.പി.ജെ.കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. എൻ.ബാലഗോപാൽ സ്വാഗതം പറഞ്ഞു. വെങ്കല പ്രതിമ നിർമ്മിച്ച കെ.എസ്. സിദ്ധനെ ചടങ്ങിൽ അനുമോദിച്ചു. രാഷ്ട്രപതിക്ക് മുഖ്യമന്ത്രി കേരളത്തിന്റെ ആദരവും മെമന്റോയും സമർപ്പിച്ചു.
കൊവിഡ് പാേരാട്ടത്തിൽ
മലയാളി അഭിമാനമായി
ലോകമാകെ കൊവിഡ് മഹാമാരി പടർന്ന് പിടിച്ചപ്പോൾ മലയാളി ഡോക്ടർമാരും നഴ്സുമാരും മുന്നിൽ നിന്ന് പോരാടിയത് ഇന്ത്യയുടെ അഭിമാനം ഉയർത്തിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
പ്രവാസികളിൽ കേരളത്തിൽ നിന്നുള്ള പരിശ്രമശാലികൾ വൻതോതിൽ പണമയയ്ക്കുക മാത്രമല്ല, അവർ തൊഴിൽ ചെയ്യുന്നിടത്ത് ഇന്ത്യയുടെ യശസ്സ് വളരെയധികം ഉയർത്തിപ്പിടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.