
തിരുവനന്തപുരം:കൊവിഡിന്റെ അതിരൂക്ഷ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം പുതുവത്സരാഘോഷം നഷ്ടമായെങ്കിലും ഇത്തവണ അതിന്റെ ക്ഷീണം തീർക്കാൻ ഹെലികോപ്റ്റർ സവാരിയിലൂടെ കോവളത്തിന്റെയും അറബിക്കടലിന്റെയും സൗന്ദര്യം ആസ്വദിക്കാൻ തലസ്ഥാനവാസികൾക്ക് അവസരമൊരുങ്ങുന്നു.ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി) കേരളത്തിലെ പ്രമുഖ ടൂർ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പും ചേർന്ന് 30, 31, ജനുവരി ഒന്ന് തീയതികളിലാണ് ഈ വിനോദസഞാര പദ്ധതി നടപ്പാക്കുന്നത്.വിദേശരാജ്യങ്ങളിലെ ഹെലികോപ്റ്റർ ടൂറിസത്തിന്റെ സാദ്ധ്യത മുന്നിൽക്കണ്ടാണ് ഡി.ടി.പി.സി ഇത്തരമൊരു പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സെവൻ ഹിൽസ്
കോവളത്തിന്റെയും അറബിക്കടലിന്റെയും മനോഹാരിതയും 'സെവൻ ഹിൽസ്' എന്നറിയപ്പെടുന്ന അനന്തപുരിയുടെയും ആകാശക്കാഴ്‌ചകൾ ഉയരത്തിൽ നിന്ന് ആസ്വദിക്കാനുള്ള അസുലഭാവസരമാണ് വന്നെത്തിയിരിക്കുന്നത്. കൂടാതെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളുമായോ കുറഞ്ഞ ചെലവിൽ ഹെലികോപ്റ്റർ ചാർട്ടർ ചെയ്യാനും വിവാഹം,ജന്മദിനം, വിവാഹ വാർഷിക ആഘോഷങ്ങൾ തുടങ്ങിയവ ഒരിക്കലും മറക്കാനാകാത്ത അനുഭവമാക്കാനും ഈ മനോഹര യാത്രയിലൂടെ അവസരമുണ്ടെന്നും സംഘാടകർ പറഞ്ഞു.വിവരങ്ങൾക്ക് ഫോൺ.9961041869, 7594949402.
പാക്കേജുകൾ (ഒരാൾക്ക്)
സിൽവർ പാക്കേജ് - 7മിനിട്ട്, 4500 രൂപ
പ്രീമിയം പാക്കേജ്: 10 മിനിട്ട്, 6000 രൂപ
പ്ളാറ്റിനം പാക്കേജ്: 14 മിനിട്ട്, 8500 രൂപ
പൊന്മുടി പാക്കേജ്: 28 മിനിട്ട്, 17,500 രൂപ
രണ്ടര വയസുള്ള കുട്ടിക്ക്: 1000 രൂപ
സമയക്രമം ഇങ്ങനെ
റിപ്പോർട്ടിംഗ് പോയിന്റ്: ഹോട്ടൽ റാവിസ്
സഞ്ചാരികൾ എത്തേണ്ടത്: രാവിലെ 9.30ന്
യാത്ര ആരംഭിക്കുന്നത്: റാവിസിലെ ഹെലിപ്പാഡിൽ നിന്ന്, ലാൻഡിംഗും അവിടത്തന്നെ
ചിപ്‌സൺ ഏവിയേഷനിൽ നിന്ന് വാടകയ്‌ക്ക് എടുത്തതാണ് കോപ്ടർ
പൈലറ്റിനെ കൂടാതെ ആറ് പേർക്ക് യാത്ര ചെയ്യാം
രാവിലെ 9.30നും ഉച്ചയ‌്‌ക്ക് 2നുമാണ് സർവീസ് നടത്തുക