
വർക്കല: എസ്.എൻ കോളേജിന് മുന്നിൽ ഇന്നലെ രാവിലെയുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്. കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനി കരുണയ്‌ക്കാണ് പരിക്കേറ്റത്. രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി അഭിജിത്ത് ഓടിച്ച മഹീന്ദ്ര എക്‌സ്.യു.വിയാണ് അപകടത്തിനിടയാക്കിയത്.
അഭിജിത്ത് ഓടിച്ചുവന്ന വാഹനം കോളേജിന് സമീപം പാർക്ക് ചെയ്‌തിരുന്ന ഓട്ടോയിൽ ഇടിച്ചു. പിന്നാലെ ഓട്ടോ ഇടിച്ച് സമീപത്ത് പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടർ മറിഞ്ഞുവീണു. കോളേജിൽ നിന്ന് കൂട്ടുകാരിയുമായി പുറത്തുവരികായിരുന്ന കരുണ അപകടംകണ്ട് ബോധരഹിതയായി.
കരുണയെ വർക്കല ശ്രീനാരായണ മിഷൻ ഹോസ്‌പിറ്റലിലെത്തിച്ചശേഷം പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പൊലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. വാഹനം ഓടിച്ച അഭിജിത്തിന്റെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനൂപിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
അപകടത്തിൽപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോളേജിലെ ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായാണ് വിദ്യാർത്ഥി വാഹനവുമായി എത്തിയതെന്നും അമിതവേഗതയാണ് അപകടകാരണമെന്നും വർക്കല ആർ.ഡി.ഒ ദിലീപ് അറിയിച്ചു.
ഫോട്ടോ: വർക്കല എസ്.എൻ കോളേജിന്
സമീപം അപകടത്തിൽപ്പെട്ട വാഹനം