തിരുവനന്തപുരം: മഴക്കാലത്ത് തലസ്ഥാനവാസികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ഒരു ഡ്രെയിനേജ് പ്ളാൻ വേണമെന്ന് നിർദ്ദേശം. നഗരസഭയുടെ 2040 വരെയുള്ള മാസ്റ്റർ പ്ളാനിലാണ് ഈ നിർദ്ദേശമുയർന്നത്. നിലവിൽ നഗരത്തിൽ കൃത്യമായ ഒരു ഡ്രെയിനേജ് രൂപരേഖയില്ല. ഇതിന് പരിഹാരമായാണ് നഗരസഭയുടെ സ്പോഞ്ച് സിറ്റി പദ്ധതിക്ക് പുറമേ ഡ്രെയിനേജ് പ്ളാനും നിർദ്ദേശിച്ചിരിക്കുന്നത്.
ചുരുങ്ങിയ കാലത്തിനുള്ളിൽ നടപ്പാക്കാൻ കഴിയുന്ന ഈ പദ്ധതിയിലൂടെ നഗരവാസികളുടെ ജീവിതം നരകതുല്യമാക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കൃത്യമായ രൂപരേഖയില്ലാതെ നഗരം വളരുന്നതിനനുസരിച്ച് നിർമ്മിക്കുന്ന ഡ്രെയിനേജ് സംവിധാനമാണ് കാലാകാലങ്ങളായി തലസ്ഥാനത്തുള്ളത്. ഇക്കാരണത്താൽ മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നതിന് തടസമുണ്ട്. പുതിയ പദ്ധതി പൂർണമായും നടപ്പായാൽ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുക മാത്രമല്ല മഴവെള്ളം പൂർണമായും സംരക്ഷിക്കാനുമാകും. എന്നാൽ ഇത് നടപ്പാക്കണമെങ്കിൽ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. ജലം, പൊതുമരാമത്ത്, ജിയോളജി വകുപ്പുകളുടെ ഏകോപനത്തിനുള്ള മുൻകൈയെടുക്കേണ്ടത് നഗരസഭയാണ്.
എന്താണ് ഡ്രെയിനേജ് പ്ളാൻ
നഗരത്തിന്റെ ഭൂപ്രകൃതി അടിസ്ഥാനമാക്കി ഓടകളിലെ വെള്ളവും മഴവെള്ളവും കെട്ടിനിൽക്കാതെ കൃത്യമായി ഒഴുകിപ്പോകാനുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഡ്രെയിനേജ് പ്ളാനിൽ ഉൾപ്പെടുത്തുന്നത്. സാധാരണ പെയ്യുന്ന മഴയുടെ അടിസ്ഥാനത്തിൽ നഗരത്തിൽ എത്തുന്ന വെള്ളത്തിന്റെ ശരാശരി കണക്ക് രേഖപ്പെടുത്തണം. കൂടാതെ ശക്തമായ മഴയിൽ നഗരത്തിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും മുൻകാലങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തണം. ഇതിന്റെ അടിസ്ഥാനത്തിലാകും പ്ളാൻ തയ്യാറാക്കുക.
പരിഗണിക്കേണ്ട കാര്യങ്ങൾ
1. വെള്ളത്തിന്റെ ഒഴുക്ക്, എത്തുന്ന വെള്ളത്തിന്റെ ശരാശരി അളവ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കണം ഡ്രെയിനേജ് സിസ്റ്റത്തിന്റെ നിർമ്മാണം.
2.ആദ്യം നഗരത്തിന്റെ മുഴുവൻ ആമുഖ സർവേ നടത്തണം. ഓടകളുടെ എണ്ണം, കുളങ്ങളുടെ എണ്ണം, കൈവഴികൾ, പുഴകൾ തുടങ്ങിയവ സർവേയിൽ ഉൾപ്പെടുത്തണം
3. നഗരത്തിൽ ഏതു തരത്തിലാണ് ഓടകൾ നിർമ്മിക്കേണ്ടത്, മഴവെള്ളത്തിന്റെ ഒഴുക്ക് അനുസരിച്ച് എവിടെയാണ് ഓടകൾ നിർമ്മിക്കേണ്ടത്.
4. നിലവിലുള്ള ഓടകൾ ഏതുതരത്തിൽ പുനക്രമീകരിക്കണം.
5. വെള്ളമെത്തുന്ന കൈവഴികൾ അടഞ്ഞുപോയിട്ടുണ്ടെങ്കിൽ അത് പുനക്രമീകരിക്കുകയോ അതിന് പറ്റിയില്ലെങ്കിൽ പുനർനിർമ്മിക്കുകയോ വേണം.
6. ഈ ഓടകളിൽ കടകളിലും വീടുകളിലും നിന്നുള്ള മാലിന്യം കലർന്ന് മഴവെള്ളം മലിനജലമാകാതെയുള്ള സംവിധാനം.
കൂടുതൽ സ്വീവേജ് പ്ളാന്റുകൾ
കക്കൂസ് മാലിന്യം പോലുള്ള സ്വീവേജ് വേസ്റ്റുകൾ എത്തിക്കാൻ വാർഡ് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്ളാന്റുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവും മാസ്റ്റർപ്ളാനിലുണ്ട്. നിലവിൽ മുട്ടത്തറയിലാണ് സ്വീവേജ് പ്ളാന്റുള്ളത്. ഇവിടെ നഗരത്തിലെ 40 വാർഡുകളിലെ സ്വീവേജ് വേസ്റ്റുകളാണ് സംഭരിക്കുന്നത്. എന്നാൽ ആധുനിക രീതിയിലുള്ള ചെറിയ പ്ളാന്റുകൾ ഒരു പ്രദേശം കേന്ദ്രീകരിച്ച് നിർമ്മിക്കുകയാണെങ്കിൽ സ്വീവേജ് പൈപ്പ്ലൈൻ എന്നത് എല്ലാ വീടുകൾക്കും ലഭ്യമാകുമെന്ന നിർദ്ദേശമുണ്ട്. ഇത് വിദഗ്ദ്ധ സമിതിയുടെ പഠനത്തിന് വിധേയമാക്കി ചർച്ചയാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.