
വർക്കല: ഗുരുപരമ്പരകളുടെ മൂന്നു ഭാവങ്ങളും സമന്വയിപ്പിച്ച മഹാഗുരുവാണ് ശ്രീനാരായണഗുരുദേവനെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 71-ാമത് നാരായണഗുരുകുല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദാന്തസൂത്രവും ശ്രീനാരായണസ്മൃതിയും രചിച്ച ഗുരു ഋഷി എന്നതിനൊപ്പം സൂത്രകാരനും സ്മൃതികാരനുമായിരുന്നു. ഭാരതത്തിലെ പൂർവ്വഗുരുക്കന്മാരെല്ലാം ഇതിലേതെങ്കിലും ഒരുഭാവം മാത്രമാണ് പ്രകടിപ്പിച്ചത്. മന്ത്റദൃഷ്ടാവാണ് ഋഷി. ഗുരുദേവന്റെ സംഭാവനകളിൽ മഹത്തായ ഒന്നാണ് ഹോമമന്ത്റം. മന്ത്റത്തെ ദർശനമാക്കി, ഹോമമന്ത്റമാക്കി ഗുരു അവതരിപ്പിക്കുകയായിരുന്നു. ബാദരായണന്റെ ബ്രഹ്മസൂത്രത്തിനു ശേഷം ശ്രദ്ധേയമായ മറ്റൊരു സൂത്രം രചിച്ചത് ശ്രീനാരായണഗുരുദേവനാണ്. അതാണ് വേദാന്തസൂത്രം. സ്മൃതികൾ ഭാരതത്തിൽ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. ഗുരുദേവൻ രചിച്ച സ്മൃതിയാണ് ശ്രീനാരായണസ്മൃതി. മഹാഗുരുവിന്റെ ജ്ഞാനമീമാംസയെ തനിമയോടെ സ്വാംശീകരിക്കുകയും നിലനിറുത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണ് നാരായണഗുരുകുലമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. നടരാജഗുരുവും ഗുരു നിത്യചൈതന്യയതിയും ശ്രീനാരായണഗുരുദേവന്റെ ഏതാനും കൃതികൾക്ക് വ്യാഖ്യാനമെഴുതിയിട്ടുണ്ട്. സമ്പൂർണ്ണ കൃതികൾക്ക് വ്യാഖ്യാനമെഴുതാനുളള നിയോഗം വന്നുചേർന്നത് ഗുരു മുനിനാരായണപ്രസാദിനാണ്. ശതാഭിഷിക്തനായ അദ്ദേഹത്തിൽ നിന്നും സമൂഹത്തിനു ലഭിച്ച അനുഗ്രഹമാണിതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരു മുനിനാരായണപ്രസാദിന്റെ ശതാഭിഷേക സ്മരണികയായ മുനിപ്രസാദം സ്വാമി സച്ചിദാനന്ദ പ്രകാശനം ചെയ്തു. ഡോ. പി.കെ. സാബു പുസ്തകം ഏറ്റുവാങ്ങി. നാരായണഗുരുവിന്റെ വിശാഖഷഷ്ഠി എന്ന സ്തോത്രകൃതിയിലെ 60 സ്ലാേകങ്ങൾ മാഞ്ഞളളൂർ സുരേന്ദ്രൻ ഭാഗവതർ 12 രാഗങ്ങളിലായി ചിട്ടപ്പെടുത്തിയതിന്റെ പ്രകാശനവും നടന്നു. സി.എച്ച്.മുസ്തഫ മൗലവി, സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ എന്നിവർ സംസാരിച്ചു. രാവിലെ സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് കൺവെൻഷൻ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ഹോമത്തിനുശേഷം നാരായണഗുരുകുല അദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദിന്റെ പ്രവചനവും നടന്നു. സെമിനാറിൽ ഡോ. പ്രഭാവതി പ്രസന്നകുമാർ മോഡറേറ്ററായിരുന്നു. ടി.ആർ. രജികുമാർ, ഡോ. ബി. സുഗീത എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.