ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന സ്ത്രീകളുടെ ടോയ്‌ലെറ്റ് നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരിയുടെ ഇടപെടലിനെ തുടർന്ന് അധികൃതർ തുറന്നു. ഡിപ്പോയിലെത്തുന്ന വനിതാ യാത്രക്കാരും ജീവനക്കാരും പുരുഷന്മാർ ഉപയോഗിക്കുന്ന ടോയ്‌ലെറ്റാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്.

നിരവധി തവണ ഈ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായില്ല. തുടർന്നാണ് പൊതുജനങ്ങൾ നഗരസഭ ചെയർപേഴ്സന് പരാതി നൽകിയത്. ചെയർപേഴ്സനും വനിതാ ഭരണ സമിതി പ്രസിഡന്റുമാരായ എസ്. ഷീജ, രമ്യ സുധീർ, ഗിരിജ, വനിതാ കൗൺസിലർമാർ എന്നിവർ ഡിപ്പോയിലെത്തി എ.ടി.ഒയുമായി ചർച്ച നടത്തി ടോയ്‌ലറ്റ് തുറക്കാൻ ധാരണയായത്. നഗരസഭ ചെയർമാനും എം.എൽ.എയും വനിതകളായിരിക്കുന്ന ആറ്റിങ്ങലിൽ സ്ത്രീകളുടെ സുരക്ഷയ്ക്ക് വീഴ്ച വരുത്തുന്ന സമീപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.