
രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ലാബ് പൂട്ടിച്ചു
ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ലാബിലെ കൊവിഡ് പരിശോധനാഫലം വിശ്വസിച്ച് വിദേശയാത്രയ്ക്കിറങ്ങിയ യുവാവിന് ടിക്കറ്റ് തുകയായ 85000 രൂപ നഷ്ടമായി. അവനവഞ്ചേരി സ്വദേശി ആർ.വി. അരുണിനാണ് ടിക്കറ്ര് ബുക്ക് ചെയ്തതിന് പിന്നാലെ ലാബ് അധികൃതർ ഫലം തിരുത്തിപ്പറഞ്ഞതോടെ പണം നഷ്ടമായത്. ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന നദാനിയാസ് ഡയഗ്‌നോസ്റ്റിക് ക്ലിനിക്കിലാണ് സംഭവം. അന്വേഷണത്തിൽ ലൈസൻസില്ലെന്ന് വ്യക്തമായതോടെ നഗരസഭാ അധികൃതർ സ്ഥാപനം പൂട്ടി സീൽ ചെയ്തു.
ഇലക്ട്രീഷ്യനായ അരുൺ ഗൾഫിലേക്ക് ജോലി തേടി പോകുന്നതിനാണ് 21ന് രാവിലെ കൊവിഡ് പരിശോധനയ്ക്ക് എത്തിയത്. ഫലം നെഗറ്റീവാണെന്ന് വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് ഇദ്ദേഹം ലാബിലെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റി. ഇതിന് പിന്നാലെയാണ് പട്ടണത്തിലെ ഒരു ട്രാവൽ ഏജൻസിയിലെത്തി 25ന് ഗൾഫിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ രാത്രിയോടെ വീണ്ടും ലാബിൽ നിന്ന് വിളിച്ച് ആദ്യത്തെ പരിശോധനാഫലം തെറ്റാണെന്നും അരുണിന് കൊവിഡ് പോസിറ്റീവാണെന്നും അറിയിച്ചു. വിശദവിവരം ചോദിച്ച് മനസിലാക്കാൻ ലാബിലെത്തിയ ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈക്കലാക്കി ലാബ് ജീവനക്കാർ നശിപ്പിക്കുകയും ചെയ്തു.
ഈ വിവരം അരുൺ നഗരസഭാ കൗൺസിലറും ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമായ ആർ.എസ്. അനൂപിനെ അറിയിച്ചു. തുടർന്ന് അനൂപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം, കൗൺസിലർ എസ്. സുഖിൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണുചന്ദ്രൻ എന്നിവർ കിഴക്കേ നാലുമുക്ക് അയിലം റോഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലാബിലെത്തി വിവരം തിരക്കി. എന്നാൽ രജിസ്ട്രേഷൻ രേഖകൾ കാട്ടാൻ ലാബ് അധികൃതർക്ക് കഴിഞ്ഞില്ല.
പിന്നീട് നഗരസഭാ ആരോഗ്യവിഭാത്തിലെത്തി അനുബന്ധ രേഖകൾ പരിശോധിച്ചപ്പോഴാണ് സ്ഥാപനത്തിന് ലൈസൻസില്ലെന്ന് അറിയുന്നത്. പിന്നാലെ ഹെൽത്ത് സൂപ്പർവൈസർ എസ്.എസ്. മനോജ്, ജെ.എച്ച്.ഐ ഷെൻസി എന്നിവർ സ്ഥലത്തെത്തി സ്ഥാപനം പൂട്ടിച്ചു. അരുണിനുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാമെന്ന് ലാബ് അധികൃതർ നഗരസഭയ്ക്ക് ഉറപ്പ് നൽകി. വിദേശയാത്രകൾക്ക് ഉൾപ്പെടെ ആവശ്യമായ പരിശോധനകൾ നടത്തുമെന്ന പരസ്യത്തോടെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.