
പ്രതികളിൽ ബാങ്ക് മാനേജരും ക്ലാർക്കും
തിരുവനന്തപുരം : ബാങ്കിനെ കബളിപ്പിച്ച് 25.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബാങ്ക് മാനേജരും ക്ളാർക്കും അടക്കം നാല് പ്രതികൾക്ക് കോടതി ഏഴ് വർഷം കഠിന തടവും 3.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. പ്രത്യേക സി.ബി.എെ കോടതി ജഡ്‌ജി കെ. സനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.
കോട്ടയം പാലാ എസ്.ബി.ടി ബ്രാഞ്ച് മാനേജരും പത്തനംതിട്ട മല്ലപ്പളളി സ്വദേശിയുമായ എം.പി. മാത്യു, ക്ളാർക്ക് തിരുവനന്തപുരം പോങ്ങുംമൂട് ബാപ്പുജി നഗർ സ്വദേശി കെ.എസ്. ഗോപീ കൃഷ്ണൻ, കോറൽ എന്റർപ്രെെസസ് ഉടമയും കോട്ടയം ചുങ്കം സ്വദേശിയുമായ എബി മാത്യൂസ്, എം.എസ്.ഇ ഗ്രൂപ്പ് ഒാഫ് കമ്പനീസ് ഉടമയും കോട്ടയം പാലാ സ്വദേശിയുമായ മാത്യൂസ് മാനുവൽ എന്നിവരാണ് പ്രതികൾ.
എബി മാത്യൂസ് കോട്ടയം മാങ്ങാട് എസ്.ബി.ടിയിൽ തുറന്ന അക്കൗണ്ടിന്റെ ചെക്കുകളിൽ വ്യാജ ഒപ്പിട്ട് മാത്യൂസ് മാനുവലിന് നല്‌കുകയായിരുന്നു. നാല് ചെക്കുകളിലായി 25.75 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ചെക്ക് കളക്‌ഷന് വന്ന പാലാ ശാഖയിൽ നിന്ന് മാങ്ങാട് ശാഖയിൽ അയച്ച് കളക്‌ഷൻ നട
ത്തുന്നതിന് പകരം ഡിസ്ക്കൗണ്ട് രീതി ഉപയോഗിച്ച് മാനേജരും ക്ളാർക്കും ചേർന്ന് മാത്യൂസ് മാനുവലിന് പണം കെെമാറി. സി.ബി.എെ കേസ് ഏറ്രെടുത്തപ്പോൾ പ്രതികൾ പണം ബാങ്കിൽ തിരിച്ചടച്ച് തടിയൂരാൻ നോക്കിയെങ്കിലും നടന്നില്ല. ഇരിക്കുന്ന കൊമ്പ് മുറിയ്ക്കുന്ന ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി മാപ്പ് അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾ അടയ്ക്കുന്ന പിഴയുടെ 25 ശതമാനം ബാങ്കിന് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദ്ദേശിച്ചു.