
തിരുവനന്തപുരം: കെ.എൻ. പണിക്കറുടെ വെങ്കലപ്രതിമ അനാച്ഛാദന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച് രാഷ്ട്രപതി.
പൊതുസേവനരംഗത്ത് ഏറ്റവും പരിചയസമ്പന്നരും സമർത്ഥരുമായ വ്യക്തിത്വങ്ങളാണിവർ. ഗവർണറുടെ മാർഗനിർദേശങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വവും കേരളത്തിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രിയായിരുന്ന, അന്തരിച്ച അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ഡിസംബർ 25നാണ്. പുതിയ സഹസ്രാബ്ദത്തെ വരവേൽക്കാൻ അദ്ദേഹം ഈ നാടാണ് തിരഞ്ഞെടുത്തത് എന്നതു ഞാൻ ഓർക്കുകയാണ്. കുമരകത്ത് വേമ്പനാട്ട് കായലിന്റെ തീരത്ത് ചെലവഴിച്ച അഞ്ച് ദിനങ്ങൾ അദ്ദേഹത്തിലെ കവിക്കും ചിന്തകനും പ്രചോദനമേകി. അദ്ദേഹം കാവ്യങ്ങളുടെ ഒരു പരമ്പരതന്നെ രചിച്ചു. രാഷ്ട്രപതി പറഞ്ഞു.
രാവിലെ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, പ്രൊഫ. പി.ജെ. കുര്യൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. രാജ്ഭവനിൽ താമസിച്ച രാഷ്ട്രപതി ഇന്നലെ വൈകിട്ട് അഞ്ചിന് പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ 10.20ന് അദ്ദേഹം ഡൽഹിക്ക് മടങ്ങും.