kodi

ജനുവരി 4ന് ബഹുജന കൂട്ടായ്മ

തിരുവനന്തപുരം: കേരളത്തിൽ കലാപാന്തരീക്ഷമുണ്ടാക്കാൻ ആസൂത്രിത പ്രവർത്തനങ്ങളാണ് വർഗീയ ശക്തികളായ ആർ.എസ്.എസും എസ്.ഡി.പി.ഐയും നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. അത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെല്ലായിടത്തും സംഘർഷമുണ്ടാക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം. കേരളത്തെ കലാപഭൂമിയാക്കരുതെന്ന ആഹ്വാനവുമായി ജനുവരി നാലിന് ലോക്കൽ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. തലശ്ശേരിയിലെ വർഗീയ കലാപം നേരിടാൻ നെരുവമ്പായി പള്ളിക്ക് കാവൽ നിന്ന യു.കെ. കുഞ്ഞിരാമനെ രാത്രിയിൽ പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തിയതിന്റെ ഓർമ്മദിനമാണ് ജനുവരി നാല്.

ആർ.എസ്.എസ് വർഗീയ

ധ്രുവീകരണമുണ്ടാക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ആർ.എസ്.എസ്- ബി.ജെ.പി നേതൃത്വം വർഗീയ ധ്രുവീകരണമുണ്ടാക്കി തിരിച്ചുവരവിന് ശ്രമിക്കുകയാണ്. അതിന് പ്രോത്സാഹനമേകുകയാണ് മുസ്ലിം തീവ്രവാദി സംഘങ്ങൾ. രണ്ട് കൂട്ടർക്കുമെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണം. ആലപ്പുഴ സംഭവത്തിൽ പൊലീസിന്റെ ഫലപ്രദമായ അന്വേഷണത്തിൽ പ്രതികളെയെല്ലാം പിടി കൂടാനാകും. അഭിമന്യു കേസിലെ പ്രധാന പ്രതിയെ പിടി കൂടാൻ ഒരു വർഷമെടുത്തു. അത്രത്തോളം സമയം ഇതു പോലുള്ള പല കേസുകളിലും വേണ്ടിവന്നു. പ്രതികൾ എവിടെ പോയൊളിച്ചാലും പിടികൂടും. ഇന്റലിജന്റ്സ് സംവിധാനത്തിൽ വീഴ്ചയില്ല. കൊല നടത്തിയവരാണ് പൊലീസിനെ കുറ്റപ്പെടുത്തുന്നത്. ആലപ്പുഴ സംഭവത്തിന് മുമ്പായി ആർ.എസ്.എസിന്റെ ചില ആസൂത്രണങ്ങളുണ്ടായിട്ടുണ്ട്.

എസ്.ഡി.പി.ഐയുടേത്

താലിബാൻ സന്ദേശം

കൊല്ലപ്പെട്ടയാളിന്റെ ചിത്രവുമായുള്ള ഫേസ്ബുക് പോസ്റ്റിൽ എസ്.ഡി.പി.ഐ നേതാവ് ആഹ്ലാദ പ്രകടനം നടത്തുമെന്നാണ് പറയുന്നത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ച ശേഷം നടത്തി വരുന്ന അതേ സന്ദേശമാണിതും. സി.പി.എമ്മിനകത്ത് എസ്.ഡി.പി.ഐക്കാർക്ക് നുഴഞ്ഞു കയറാനാവില്ല. പ്രാദേശികമായി അങ്ങനെ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായെന്ന് ശ്രദ്ധയിപ്പെട്ടാലുടൻ അവരെ പുറത്താക്കും. പാർട്ടിയിലെ മുസ്ലിം വിഭാഗക്കാരെയെല്ലാം എസ്.ഡി.പി.ഐക്കാരാക്കി ചിത്രീകരിക്കരുത്. അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം എസ്.എഫ്.ഐ പ്രവർത്തനത്തിലൂടെയാണ് പാർട്ടി നേതാവായതെന്നും കോടിയേരി പറഞ്ഞു.