
തിരുവനന്തപുരം: അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരികെക്കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ പ്രതിരോധിക്കാൻ വായനയിലൂടെ ആർജിക്കുന്ന വിജ്ഞാനം ഒഴിച്ചുകൂടാനാകാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പി.എൻ. പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവരണം ചെയ്ത ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ പുരോഗമനത്തിൽ ഗ്രന്ഥശാലാപ്രസ്ഥാനങ്ങളുടെ സ്വാധീനം വലുതാണ്. സമത്വത്തിലും സാഹോദര്യത്തിലുമൂന്നിയ കാഴ്ചപ്പാട് വളർത്തിയെടുക്കുന്നതിൽ ഗ്രന്ഥശാലകൾ വലിയ പങ്കുവഹിച്ചു. ഈ കാഴ്ചപ്പാടാണ് ദേശീയ പ്രസ്ഥാനങ്ങൾക്കും നവോത്ഥാന പ്രസ്ഥാനങ്ങൾക്കും കരുത്തുപകർന്നത്.
വൈജ്ഞാനിക സമൂഹമെന്ന ലക്ഷ്യത്തിലേക്കു കേരളം നീങ്ങുകയാണ്. അറിവിന്റെ സാർവത്രിക വിതരണമാണ് ലക്ഷ്യം. ഇതിനു സർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽ ഗ്രന്ഥശാലാപ്രസ്ഥാനത്തിനു വലിയ പങ്കുവഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർവകലാശാല ചാൻസലർ വിവാദങ്ങൾക്കുശേഷം ഗവർണറും മുഖ്യമന്ത്രിയും ഒരേവേദിയിലെത്തിയത് ഈ ചടങ്ങിലാണ്.
മലയാളത്തിൽ സംസാരിക്കാൻ ശ്രദ്ധിച്ച ഗവർണർ ഗ്രന്ഥശാലകളോട് ജനാഭിമുഖ്യം വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശിച്ചു.
അധഃസ്ഥിതർക്കും അവഗണിക്കപ്പെട്ടവർക്കും സാക്ഷരവെളിച്ചം നൽകാൻ ശ്രമിച്ച വ്യക്തിയാണ് പി.എൻ.പണിക്കരെന്ന് ആശംസ നേർന്ന കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസനയം എല്ലാ വിഭാഗങ്ങൾക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.