
17കാരിയെ കടന്നുപിടിക്കാനും ശ്രമം
ആക്രമണം കവർച്ചക്കേസ് പ്രതിയുടെ നേതൃത്വത്തിൽ
പ്രതികളെ പിടിക്കാതെ പൊലീസ്, വാഹനം കസ്റ്റഡിയിൽ
പോത്തൻകോട് : ഗുണ്ടാപ്പകയിൽ എതിർ സംഘത്തിലുള്ള യുവാവിനെ കൊന്ന് വെട്ടിമാറ്റിയ കാലുമായി ആഹ്ളാദപ്രകടനം നടത്തിയതിന്റെ ഞെട്ടൽ മാറുംമുമ്പ് പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ വീണ്ടും ഗുണ്ടാ ആക്രമണം. സൈഡ് കൊടുത്തില്ലെന്നുപറഞ്ഞ് കാർ തടഞ്ഞ് പിതാവിനെ ക്രൂരമായി മർദ്ദിക്കുകയും പതിനേഴുകാരിയായ മകളെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ഇടിക്കുകയും ചെയ്തു.
രണ്ടാം വട്ടവും ആക്രമണത്തിന് മുതിർന്നതോടെ പെൺകുട്ടി കാറിൽ നിന്ന് ഇറങ്ങിയോടി തൊട്ടടുത്ത ഹോട്ടലിൽ അഭയം പ്രാപിക്കുകയായിരുന്നു. ആളുകൾ കൂടിയതോടെ സ്ഥലം വിട്ട അക്രമികൾ കുറച്ച് അകലെയുള്ള ബാർ ഹോട്ടലിൽ കയറി നാലുപേരെ മർദ്ദിച്ചു.
വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശിയായ ഷാ, പതിനേഴുകാരി മകൾ എന്നിവരാണ് പൊലീസ് സ്റ്റേഷന് മുന്നിൽ നാലംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിനിരയായത്. ബുധനാഴ്ച രാത്രി 8.30നായിരുന്നു സംഭവം. ഇന്നലെ രാത്രിവരെ ആരെയും പിടികൂടാൻ പൊലീസിനായിട്ടില്ല. അക്രമികൾ ഉപേക്ഷിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിന്തുടർന്നപ്പോൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് പൊലീസ് ഭാഷ്യം.
മാസങ്ങൾക്ക് മുമ്പ് പള്ളിപ്പുറത്ത് ജുവലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ കവർന്നതുൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതി ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അസഭ്യം വിളിച്ചുകൊണ്ട് കാറിന്റെ ഡോർ വലിച്ചു തുറന്ന് ഷായുടെ മുഖത്തടിച്ചു. പിതാവിനെ മർദ്ദിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ച പെൺകുട്ടിയെ കടന്ന് പിടിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ മുടിയിൽ കുത്തിപ്പിടിച്ച് മുതുകത്ത് ഇടിച്ചു. ആക്രമണം പലരും കണ്ടു നിന്നെങ്കിലും ഗുണ്ടകളാണെന്നു മനസ്സിലായതോടെ ഇടപെട്ടില്ല.പത്ത് മിനിട്ടോളം റോഡിൽ കൊലവിളി നടത്തിയാണ് സംഘം പിൻവാങ്ങിയത്.
കിംസ് ആശുപത്രിയിൽ ഫാർമസിസ്റ്റായ ഭാര്യയെ ആശുപത്രിയിൽ വിട്ടശേഷം കാറിൽ മകളുമൊത്ത് പോത്തൻകോട് വഴി വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു സംഭവം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അക്രമിസംഘം വാഹനത്തിൽ കയറി ശ്രീകാര്യം ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് എതിർ ഭാഗത്ത് നിന്ന് ഷായുടെ കാർ വന്നത്. ട്രാഫിക് കുരുക്കിൽ പെട്ടതിനാൽ മാറ്റാൻ താമസിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.
കാറ് ബ്ലോക്ക് ചെയ്തെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നെന്ന് ഷാ പോത്തൻകോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഷായുടെ മുഖത്ത് അടിയുടെ പാടുണ്ട്. ഇന്നലെ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. ജുവലറി ഉടമയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഫൈസൽ വീണ്ടും പൊലീസിനു മുന്നിൽ വിലസുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
മകളെ മർദ്ദിച്ചത് ഏറെ വേദനിപ്പിച്ചു. വണ്ടി പിന്നിലോട്ടെടുക്കാൻ ഭീഷണിപ്പെടുത്തി. പിന്നിൽ വാഹനങ്ങളായതിനാൽ കഴിഞ്ഞില്ല. ഇക്കാര്യം പറഞ്ഞതും ആക്രമണം തുടങ്ങി
- മർദ്ദനമേറ്റ ഷാ
എന്റെ സൈഡിലേക്ക് വന്ന് തോളിലും മുടിയിലും പിടിച്ചു. എന്നെ അടിച്ചു. ആ സമയത്തെല്ലാം വാപ്പയെയും അടിച്ചുകൊണ്ടിരുന്നു. നീതി കിട്ടുന്നത് വരെ മുന്നോട്ടുപോകും
- ആക്രമണത്തിനിരയായ പെൺകുട്ടി