cpm

₹ സ്ഥലം വിട്ടുകൊടുക്കുന്നവരെ കണ്ണീര് കുടിപ്പിക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് അർദ്ധ അതിവേഗ റെയിൽ പദ്ധതിയായ കെ-റെയിലിനോടുള്ള രാഷ്ട്രീയ എതിർപ്പിന് മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവരെ കണ്ണീര് കുടിപ്പിച്ച് അത് നടപ്പാക്കില്ല. ആളുകളുടെ പ്രയാസത്തിനൊപ്പം സർക്കാരുണ്ടാകും. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രായോഗികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ ഏത് രാഷ്ട്രീയ കക്ഷിയുമായും ചർച്ചയാകാം. അക്കാര്യത്തിൽ സർക്കാരിന് തുറന്ന മനസ്സാണ്. എന്നാൽ പദ്ധതി സമ്മതിക്കില്ലെന്ന നിലപാട് പറ്റില്ല. സർവകക്ഷിയോഗം വിളിച്ചത് കൊണ്ടൊന്നും എതിർക്കുന്നവർ നിലപാട് മാറ്റില്ല. ശാസ്ത്രസാഹിത്യ പരിഷത്ത് പദ്ധതിയെ മൊത്തത്തിലല്ല എതിർക്കുന്നത്. നെൽവയലുകളുള്ള പ്രദേശങ്ങളിൽ തൂണിന്മേലാകും പാത. അരുവികളും നീർച്ചാലുകളും സംരക്ഷിക്കും. ശബരിമല വിമാനത്താവളവും വേണ്ടെന്ന നിലപാടിലേക്ക് ചിലരെത്തിയത് വികസനം തടസ്സപ്പെടുത്തലാണ്. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും ഈ നീക്കങ്ങളെ തുറന്നുകാട്ടി സർക്കാർ മുന്നോട്ട് പോകും.

ശശി തരൂർ എം.പി പ്രകടിപ്പിച്ചത് കേരളീയരുടെ പൊതു അഭിപ്രായമാണ്. അദ്ദേഹം കാര്യങ്ങൾ സൂക്ഷ്മമായി പഠിക്കുന്ന കഴിവുള്ള പാർലമെന്റംഗമാണ്. തരൂരിനെതിരെ കോൺഗ്രസുകാർ നടത്തുന്ന വിമർശനത്തിന് പിന്നിൽ രാഷ്ട്രീയമാണ്. അദ്ദേഹം ഡൽഹിയിൽ കോൺഗ്രസിലെ ജി-23 ഗ്രൂപ്പിന്റെ ഭാഗമാണെന്നാണല്ലോ പറയപ്പെടുന്നത്. ഇവിടത്തെ കോൺഗ്രസുകാർ അതിനെതിരാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ് 1.18ലക്ഷം കോടി ചെലവു വരുന്ന അതിവേഗ റെയിൽപാത ആസൂത്രണം ചെയ്തത്. അന്ന് സർവകക്ഷിയോഗത്തിൽ പദ്ധതിക്ക് പണം കണ്ടെത്താനുള്ള വഴി ഉമ്മൻചാണ്ടി വിശദീകരിച്ചപ്പോൾ തങ്ങൾ പിന്തുണച്ചു. ആ സർക്കാരിന് അത് നടപ്പാക്കാനായില്ല. പിണറായിസർക്കാർ 84000 കോടി മാത്രം ചെലവ് വരുന്ന സെമി ഹൈസ്പീഡ് പാത ആസൂത്രണം ചെയ്യുന്നത് പരിസ്ഥിതിസംരക്ഷണം കൂടി ലക്ഷ്യമിട്ടാണ്.

ഗവ. ചീഫ് വിപ്പിന് അർഹമായ സ്റ്റാഫിനെയേ അനുവദിച്ചിട്ടുള്ളൂ. 30 സ്റ്റാഫുണ്ടായിരുന്നത് എൽ.ഡി.എഫ് 25 ആയി കുറയ്ക്കുകയാണുണ്ടായത്. പത്തിരുപത് പേരെ പേഴ്സണൽ സ്റ്റാഫിൽ വച്ചത് കൊണ്ടൊന്നും സാമ്പത്തിക പ്രതിസന്ധിയില്ല. വി.സി നിയമനവിഷയത്തിൽ ഗവർണർ രാഷ്ട്രീയമായി ആരോപണമുന്നയിച്ചതാണെന്ന് കരുതുന്നില്ല. അദ്ദേഹം ചില ആശങ്കകൾ പരസ്യമായി പ്രകടിപ്പിച്ചു. അതിന് മുഖ്യമന്ത്രി പരസ്യമായി മറുപടിയും നൽകി. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായത്തിലടക്കം ഹൈക്കോടതിയുടെ പരിശോധന നടക്കട്ടെയെന്നും കോടിയേരി പറഞ്ഞു.