
തിരുവനന്തപുരം: സി.പി.എമ്മിനോ സി.പി.ഐക്കോ പരസ്‌പരം ദുർബലപ്പെടുത്താനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ചിലർക്കെതിരെ നടപടികളുണ്ടാവുമ്പോൾ അവർ മറ്റൊരു പാർട്ടിയിലേക്ക് പോകുന്നത് വ്യക്തിപരമാണെന്നും വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി കോടിയേരി വ്യക്തമാക്കി.
പാർട്ടി ഇടപെട്ട് മാറ്റിയെടുത്തെന്ന ആരോപണം ഇരു പാർട്ടികൾക്കുമില്ല. സി.പി.എമ്മുമായി സഹകരിക്കാൻ താല്പര്യമറിയിച്ച് എൽ.ജെ.ഡി വിട്ട ഷേക് പി.ഹാരിസ് കത്ത് നൽകി. പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുക്കും. എൽ.ജെ.ഡിയിലെ പ്രശ്നം പരിഹരിക്കാൻ അവർ തന്നെ ശ്രമിക്കുന്നുണ്ട്. അവരിലൊരു വിഭാഗത്തെ പിളർത്തി സി.പി.എമ്മിൽ ചേർത്തിട്ടില്ല. സ്വയം വിട്ടുവരാൻ തീരുമാനിച്ചവരാണ് വരുന്നത്. എൽ.ഡി.എഫ് കൂടുതൽ വിശാലമാകുമ്പോൾ പാർട്ടികൾക്കുള്ളിൽ ചില പ്രശ്നങ്ങളൊക്കെയുണ്ടാകാം. അതൊന്നും മുന്നണിയെ ബാധിക്കില്ല. ഓരോ പാർട്ടിയും എങ്ങനെയാണെന്ന് അവരവരല്ലേ തീരുമാനിക്കേണ്ടത്. തീരേ സഹികെട്ടാൽ അങ്ങൊഴിവാക്കുമെന്നും ,ഐ.എൻ.എൽ ജില്ലാകമ്മിറ്റി യോഗത്തിലെ സംഘർഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ കോടിയേരി പറഞ്ഞു. പാർട്ടി കോൺഗ്രസ് സ്വാഗതസംഘം രൂപീകരണയോഗം 17ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ ചേരും.