
തിരുവനന്തപുരം : ഒമിക്രോൺ സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തിൽ ക്രിസ്തുമസ്, ന്യൂ ഇയർ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്.
ഒമിക്രോണിന് പകർച്ചാശേഷി കൂടുതലായതിനാൽ ആൾക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നാണ് പ്രധാന നിർദ്ദേശം. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോൾ അകലം പാലിച്ചിരുന്ന് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവർ, കുട്ടികൾ, രോഗബാധിതർ എന്നിവർ ശ്രദ്ധിക്കണം. പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങിലോ പങ്കെടുക്കുമ്പോൾ എൻ 95 മാസ്‌ക് ഉപയോഗിക്കണം. അടച്ചിട്ട സ്ഥലങ്ങൾ രോഗവ്യാപനത്തിന് കാരണമായതിനാൽ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം. പൊതു സ്ഥലങ്ങളിൽ ഒരാൾക്ക് ഒമിക്രോൺ വന്നാൽ വളരെപ്പെട്ടന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കും. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ മറ്റു രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.
ഒമിക്രോൺ കേസുകൾ ജില്ലതിരിച്ച്
എറണാകുളം 15
തിരുവനന്തപുരം 10
തൃശൂർ 1
മലപ്പുറം 1
കോഴിക്കോട് 1
പത്തനംതിട്ട 1
'ഇനിയൊരു അടച്ച് പൂട്ടൽ സാദ്ധ്യമല്ല. ക്വാറന്റൈനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും വീട്ടിൽ നിന്നും പുറത്ത് ഇറങ്ങരുത്. വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ അടിയന്തരമായി വാക്സിൻ എടുക്കണം.'
-വീണാ ജോർജ്
ആരോഗ്യമന്ത്രി