ksrtc

ട്രാൻ. കോർപറേഷനിൽ പ്രതിസന്ധി രൂക്ഷം

 സ്‌പെയർപാർട്സുകൾ വാങ്ങാൻ പണമില്ല

തിരുവനന്തപുരം: പെൻഷൻ, ശമ്പളക്കുടിശ തീർക്കാൻ കെ.എസ്.ആർ.ടി.സിയ്ക്ക് സർക്കാർ 191 കോടി രൂപ അനുവദിച്ചു. ഇതിൽ 146 കോടി രൂപ പെൻഷൻ ബാദ്ധ്യത തീർക്കുന്നതിനുവേണ്ടിയാണ്. ഈ മാസം ആദ്യം അനുവദിച്ച 30 കോടിക്ക് പുറമേ 15 കോടി കൂടി ശമ്പളത്തിന് നൽകി.

ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായപ്പോഴാണ് ഈ മാസം 20 ഓടെ ശമ്പളം ഭാഗികമായി നൽകിത്തുടങ്ങിയത്. അതേസമയം പെൻഷൻ കൊടുത്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് പെൻഷൻകാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലാണ്.
സഹകരണ ബാങ്കുകളുടെ കൂട്ടായ്മ വഴിയാണ് പെൻഷൻ വിതരണം ചെയ്തിരുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ പെൻഷൻ വിതരണം ചെയ്യും. ഈ തുക പിന്നീട് സർക്കാർ നൽകുകയുമായിരുന്നു പതിവ്. ഇതിൽ സർക്കാർ വീഴ്ചവരുത്തിയതിനെ തുടർന്ന് സഹകരണ സംഘങ്ങൾ പെൻഷൻ വിതരണം നിറുത്തിയിരുന്നു. നിലവിൽ സർക്കാർ അനുവദിച്ച 146 കോടി രൂപ സഹകരണ ബാങ്കുകൾക്ക് കൈമാറും. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ രണ്ടുദിവസം എടുത്തേയ്ക്കും. പെൻഷൻ വിതരണം തിങ്കളാഴ്ചയോടെ മാത്രമേ ആരംഭിക്കാനിടയുള്ളൂ.
സാമ്പത്തിക പ്രതിസന്ധികാരണം ഇത്തവണ ഘട്ടംഘട്ടമായിട്ടാണ് ശമ്പളം നൽകിയത്. ഡിസംബർ ആദ്യം 30 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. തുക അപര്യാപ്തമാണെന്ന് കാണിച്ച് 30 കോടി രൂപ കൂടി ആവശ്യപ്പെട്ടു. ഇതിലാണ് 15 കോടി കൂടി അനുവദിച്ചത്. ഡിസംബറിലെ ശമ്പളത്തിനുള്ള ധനസഹായമായി ഇതോടെ 45 കോടി രൂപ സർക്കാർ നൽകി. സ്‌പെയർ പാർട്സുകൾ വാങ്ങാൻ പണമില്ലാത്തതിനാൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയാണ്. ശബരിമല സ്‌പെഷ്യൽ സർവീസുകൾക്ക് ബസുകൾ മാറ്റിയതോടെ മറ്റു ദീർഘദൂര പാതകളിൽ യാത്രാക്ലേശം കൂടുതലാണ്.