
തിരുവനന്തപുരം: കണ്ണൂർ, കാലടി സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ ഉയർത്തിയ പരസ്യവിമർശനങ്ങളെ തുടർന്ന് സർക്കാരും ഗവർണറും തമ്മിലുണ്ടായ രാഷ്ട്രീയപ്പോര് ശമിപ്പിക്കാനുള്ള ചർച്ചകൾ ഇന്നലെയുമുണ്ടായില്ല.
വിവാദമുണ്ടായശേഷം രണ്ടാഴ്ചയോളം തിരുവനന്തപുരത്തില്ലാതിരുന്ന ഗവർണർ ഇന്നലെയാണ് രാജ്ഭവനിൽ തിരിച്ചെത്തിയത്. ചെന്നൈയിൽ വൈദ്യപരിശോധന പൂർത്തിയാക്കി കഴിഞ്ഞദിവസം രാത്രിയോടെ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ഇന്നലെ രാവിലെ രാഷ്ട്രപതി പങ്കെടുത്ത പി.എൻ. പണിക്കർ പ്രതിമാ അനാവരണച്ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഈ ചടങ്ങിനുമുമ്പോ ശേഷമോ ഇരുവരും തമ്മിൽ ചർച്ചകളൊന്നും നടന്നില്ല. വേദിയിലും ഇരുവരും തമ്മിൽ സംസാരമുണ്ടായില്ല. ഉച്ചകഴിഞ്ഞ് പി.ടി. തോമസ് എം.എൽ.എയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി എറണാകുളത്തേക്കു പോയി.
തർക്കം പരിഹരിച്ച് ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ മുഖ്യമന്ത്രിതലത്തിൽ ഉണ്ടാകുമെന്ന സൂചനകളുണ്ടെങ്കിലും അനൗപചാരിക തലത്തിലുള്ള കൂടിയാലോചനകൾപോലും ഇന്നലെവരെ നടന്നില്ലെന്നാണറിയുന്നത്. ഇന്നു വൈകിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബംഗളൂരുവിലേക്ക് പോകും. മുഖ്യമന്ത്രി- ഗവർണർ കൂടിക്കാഴ്ച ഇന്നുണ്ടായില്ലെങ്കിൽ 26ന് അദ്ദേഹം മടങ്ങിയെത്തിയശേഷമേ നടക്കൂ. ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്ഭവനിലാണ് തങ്ങിയത്. ഇന്നു രാവിലെ അദ്ദേഹം മടങ്ങിയശേഷം വൈകുന്നേരംവരെ ഗവർണർ രാജ്ഭവനിലുണ്ടാകും. ഈ ഇടവേളയിൽ മുഖ്യമന്ത്രി അദ്ദേഹത്തെ കാണുമോയെന്ന് ഉറപ്പായിട്ടില്ല. ഗവർണർ- മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്നു നടന്നേക്കാനുള്ള സാദ്ധ്യത പ്രചരിക്കുന്നുണ്ടെങ്കിലും സർക്കാർ, രാജ്ഭവൻ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല. അനൗപചാരികതലത്തിൽ മദ്ധ്യസ്ഥ ഇടപെടലുകൾ ഡൽഹി കേന്ദ്രീകരിച്ച് നടക്കാനുള്ള സാദ്ധ്യതയും പ്രചരിക്കുന്നുണ്ട്.