f

തിരുവനന്തപുരം: വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെത്തിയ രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാൻ ഏർപ്പെടുത്തിയിരുന്ന പൊലീസിന്റെ ഗതാഗത ക്രമീകരണം നഗരവാസികളെ കുരുക്കിലാക്കി. രാവിലെ മുതൽ നഗരഹൃദയത്തിലെ പ്രധാന പാതകളിലെല്ലാം ഗതാഗതം നിരോധിച്ച് പൊലീസ് ബാരിക്കേഡുകൾ നിരത്തിയതോടെ ജനം നട്ടംതിരിഞ്ഞു. മണിക്കൂറുകളോളം ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടു. രോഗികളും ജോലികൾക്കും വിവിധ ആവശ്യങ്ങൾക്കുമായി നഗരത്തിലെത്തിയവരും വഴിയിലായി. പലയിടത്തും ചെറു റോഡുകളിലൂടെ ഗതാഗതം തിരിച്ചുവിട്ടിരുന്നെങ്കിലും ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ ഇതുവഴിയെത്തിയതോടെ വീണ്ടും ഗതാഗതം സ്തംഭിച്ചു.

വൺവേകൾ അടക്കമുള്ള റോഡുകളിലൂടെ ഇരുവശത്തുകൂടിയും വാഹനങ്ങൾ എത്തിയതും കുരുക്ക് രൂക്ഷമാക്കി. ഗതാഗതം വഴിതിരിച്ചുവിട്ട പള്ളിമുക്ക്, പാങ്ങോട്, ഇടപ്പഴഞ്ഞി, ശാസ്തമംഗലം, പൈപ്പിൻമൂട്, ഗോൾഫ് ലിങ്ക്സ്, കവടിയാർ, ഇൗഞ്ചയ്‌ക്കൽ,ബേക്കറി-വഴുതക്കാട് റോഡ്, ഓവർബ്രി‌ഡ്ജ്, കിഴക്കേകോട്ട, അട്ടക്കുളങ്ങര, കൊച്ചാർ റോഡ്, വലിയശാല എന്നിവിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു. ഇടറോഡുകളിൽ ഗതാഗതം ക്രമീകരിക്കാൻ പൊലീസ് ഇല്ലാതിരുന്നതോടെ ട്രാഫിക് സംവിധാനം അപ്പാടെ പാളി. പലയിടത്തും യാത്രക്കാർ പൊലീസുമായി തർക്കത്തിലുമായി.