
തിരുവനന്തപുരം: ദേശീയ ബോധവും മാനവികതയും എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ ഉൾകൊള്ളാനുള്ള മനസുമുണ്ടായിരുന്ന കവയിത്രിയാണ് സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുഗതകുമാരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അഭയ സംഘടിപ്പിച്ച അനുസ്മരണം ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാള ഭാഷയെ സമ്പന്നമാക്കിയ സുഗതകുമാരിയെ സാഹിത്യ സംഭാവനകൾകൊണ്ടുമാത്രം അളക്കാനാകില്ല. പരിസ്ഥിതി സംരക്ഷണത്തിനും അഗതികളുടെ രക്ഷയ്‌ക്കുമൊപ്പം സ്ത്രീപക്ഷ നിലപാടുകൾ കൊണ്ടും എന്നും മുന്നിൽ തന്നെ ഉണ്ടായിരുന്നു. പിതാവിൽ നിന്ന് ആർജ്ജിച്ച അറിവും മഹാന്മാരുടെ ചിന്തകളും കവിതകളിലൂടെയും നിലപാടുകളിലൂടെ സുഗതകുമാരി വ്യക്തമാക്കി. അടിച്ചമർപ്പെട്ടവർക്കു വേണ്ടിയുള്ളതായിരുന്നു കവിതകളെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി.ശിവൻകുട്ടി പുഷ്പാർച്ചന നടത്തി. സുഗതകുമാരിക്ക് സ്മാരകം നിർമ്മിക്കുമെന്നും അതിനുള്ള നടപടികൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ അഭയ പ്രസിഡന്റ് അഡ്വ. പി.എ. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കവി വി. മധുസൂദനൻ നായർ, അഭയ സെക്രട്ടറിയും സുഗതകുമാരിയുടെ മകളുമായ ലക്ഷ്മീ ദേവി, ജോയിന്റ് സെക്രട്ടറി എം.ആർ. തമ്പാൻ, ട്രഷറർ ഡെയ്‌സി ജേക്കബ് എന്നിവർ സംസാരിച്ചു.