van

വെഞ്ഞാറമൂട്: കടകളിൽ ബേക്കറി സാധനങ്ങൾ എത്തിച്ചുനൽകുന്ന മിനിവാൻ ഓട്ടത്തിനിടെ കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 4ന് വെമ്പായം കൊപ്പത്തായിരുന്നു അപകടം. യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.

കല്ലമ്പലത്തു നിന്നും ബേക്കറി സാധനങ്ങളുമായെത്തിയതായിരുന്നു വാഹനം. രണ്ടുപേരാണ് ഇതിലുണ്ടായിരുന്നത്. വെമ്പായം ഭാഗത്തു നിന്നും വെഞ്ഞാറമൂട്ടിലേക്കു പോകുമ്പോൾ കൊപ്പത്ത് വച്ച് വാഹനത്തിന്റെ എൻജിൻ ഭാഗത്ത് നിന്ന് പുക ഉയർന്നു. ഡ്രൈവറും സഹായിയും പുറത്തേക്കിറങ്ങിയപ്പോഴേക്കും തീ ആളിപ്പടർന്നു. ഓടിക്കൂടിയ നാട്ടുകാർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന് വെഞ്ഞാറമൂട് അഗ്നിശമന സേനയെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചു.