dr-0

കിളിമാനൂർ:നഗരൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ,കൃഷി വിജ്ഞാന കേന്ദ്രം ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രം,ആത്മ പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളല്ലൂർ പാടശേഖരത്തിൽ ഡ്രോൺ അധിഷ്ഠിത സൂക്ഷ്മ മൂലകങ്ങളുടെ സ്‌പ്രേയിംഗ് നിർവഹിച്ചു.കേരള കാർഷിക സർവകലാശാല സമ്പൂർണ്ണ എന്ന പേരിൽ വികസിപ്പിച്ചെടുത്ത സൂക്ഷ്മ മൂലകങ്ങളുടെ മിക്സ് ഡ്രോൺ ഉപയോഗിച്ച് വെള്ളല്ലൂരിലെ 25 ഏക്കർ പാടശേഖരത്തിലാണ് സ്‌പ്രേയിംഗ് പരീക്ഷണം നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭി ശ്രീരാജിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത ഡ്രോൺ പറത്തി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ ചെയർമാൻ അനിൽകുമാർ സ്വാഗതം പറഞ്ഞു.കൃഷിവിജ്ഞാനകേന്ദ്രം സീനിയർ ശാസ്ത്രജ്ഞൻ ഡോ.ബിനു ജോൺ പദ്ധതി വിശദീകരണം നടത്തി.തുടർന്ന് ജീവാണുവളമായ സ്യൂഡോമോണസ് പാടശേഖര സെക്രട്ടറിമാർക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എം.രാജു വിതരണം നടത്തി.ബി.പി.കെ.പി പദ്ധതി വഴി ഉല്പാദിപ്പിച്ച ഹരിത കഷായം ജീവാമൃതം ജൈവവളങ്ങൾ ആത്മ പ്രോജക്ട് ഡയറക്ടർ രാജേശ്വരി വിതരണം ചെയ്തു. ബ്ലോക്ക് മെമ്പർ കുമാരി ശോഭ,ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ കെ.ശശിധരൻ,പാടശേഖര സെക്രട്ടറി ബാലകൃഷ്ണപിള്ള,കീഴ്പേരൂർ സെക്രട്ടറി ജയശീലൻ,അഗ്രികൾചറൽ എൻജിനീയർ ജി. ചിത്ര,മുൻ ബ്ലോക്ക് മെമ്പർ എസ്.കെ. സുനി, വിവിധ വാർഡ് മെമ്പർമാർ,ബ്ലോക്കിലെ കൃഷി ഓഫീസർമാർ,വിവിധ പാടശേഖര സെക്രട്ടറിമാർ, വികസനസമിതി അംഗങ്ങൾ, കർഷകർ, കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് അംഗങ്ങൾ,കൃഷി അസിസ്റ്റന്റുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൃഷി ഓഫീസർ റോഷ്ന നന്ദി പറഞ്ഞു.