ks-sethumadhavan

ചെന്നൈ: മലയാള സിനിമയിൽ ക്ലാസിക്കുകൾ സൃഷ്ടിച്ച് നിറചൈതന്യമായ സംവിധായകൻ കെ.എസ്. സേതുമാധവൻ (90) വിടവാങ്ങി. തന്നിലെ ആത്മവിശുദ്ധി ഒപ്പമുള്ളവരിലേക്കും പകർന്ന ചലച്ചിത്രകാരൻ ചെന്നൈ കോടമ്പാക്കം ഡയറക്ടേഴ്സ് കോളനിയിലെ വസതിയിൽ ഇന്നലെ പുലർച്ചയോടെയാണ് ശാന്തമായി മരണത്തിനൊപ്പം യാത്രയായത്. രാവിലെ ആറിന് പതിവു സമയത്ത് ഉണരാത്തതിനാൽ ഭാര്യ വത്സല വിളിച്ചപ്പോഴാണ് സേതുമാധവൻ നിത്യനിശബ്ദതയിൽ അമർന്നതറിയുന്നത്. വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷം വൈകിട്ട് നാലോടെ ലയോള കോളേജിനടുത്തുളള വൈദ്യുതി ശ്‌മശാനത്തിൽ സംസ്കരിച്ചു.

വിഖ്യാതമായ സാഹിത്യകൃതികളെ അവയേക്കാൾ പ്രശസ്തമായ സിനിമകളാക്കിയ സംവിധായകനായിരുന്നു കെ.എസ്. സേതുമാധവൻ

ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ പലതവണ നേടി. മലയാളത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകൾ ഒരുക്കി. അതുല്യനടൻ സത്യന്റെ മികച്ച പല കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു. കാമ്പുള്ള കഥകൾ കണ്ടെത്തിയും ശക്തമായ കഥാപാത്രങ്ങളെ സൃഷ്‌ടിച്ചും മലയാള സിനിമയിൽ പുതിയ ഭാവുകത്വത്തിന് അദ്ദേഹം തുടക്കം കുറിച്ചു.

1931ൽ സുബ്രഹ്മണ്യൻ - ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട്ടാണ് ജനനം. വിക്ടോറിയ കോളേജിൽ നിന്ന് ബിരുദമെടുത്തു. കെ. രാംനാഥിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയിൽ അരങ്ങേറ്റം. പിന്നീട് എൽ.വി. പ്രസാദ്, എ.എസ്.എ. സ്വാമി, സുന്ദർ റാവു തുടങ്ങി നിരവധി സംവിധായകരുടെ സഹസംവിധായകനായി.

സമഗ്രസംഭാവനകൾക്ക് 2009 ൽ ജെ.സി. ഡാനിയേൽ പുരസ്‌കാരം ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.1960ൽ വീരവിജയ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ മലയാള ചിത്രം മുട്ടത്തുവർക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച 'ജ്ഞാനസുന്ദരി'യാണ്.

1971 ൽ സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നത്.

കമലഹാസനെ ബാലതാരമായി 'കണ്ണും കരളും' എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയിൽ അവതരിപ്പിച്ചത് കെ.എസ്. സേതുമാധവനാണ്. കന്യാകുമാരി എന്ന ചിത്രത്തിൽ കമലഹാസനെ ആദ്യമായി നായകനുമാക്കി. 1965 ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി സുരേഷ് ഗോപിയേയും വെള്ളിത്തിരയിലെത്തിച്ചു.

അനുഭവങ്ങൾ പാളിച്ചകൾ, ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, പണി തീരാത്ത വീട്. കന്യാകുമാരി, വേനൽകിനാവുകൾ, സ്ഥാനാർത്ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന തുടങ്ങിയ എക്കാലവും ഓർമ്മിക്കപ്പെടുന്ന സിനിമകൾ ഒരുക്കി.

ദാഹം, മറുപക്കം എന്നീ സിനിമകളുടെ തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു. മറുപക്കത്തിന് തിരക്കഥയ്ക്കും മികച്ച ചിത്രത്തിനും ഉൾപ്പെടെ മൂന്ന് ദേശീയ അവാർഡ് ലഭിച്ചു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ആദ്യമായി തമിഴ് സിനിമയിൽ എത്തുന്നതും മറുപക്കത്തിലൂടെയാണ്.

മലയാള സിനിമയിലെ നിരവധി അനശ്വര ഗാനങ്ങൾ പിറന്നത് സേതുമാധവന്റെ സിനിമകളിലാണ്. വയലാർ - ദേവരാജൻ ടീം ഒരുക്കിയ മനോഹര ഗാനങ്ങൾ മൂളാത്ത മലയാളികളില്ല.