
പൂവാർ: വെള്ളം വെള്ളം സർവത്ര... തുള്ളി തുള്ളികുടിക്കാനില്ലത്രേ എന്നതുപോലെയാണ് പൂവാർ മുതൽ അടിമലത്തുറവരെയുള്ള തീരദേശവാസികളുടെ ജീവിതം. കടലോളം വെള്ളം കൈയെത്തും ദൂരത്തുണ്ടെങ്കിലും ദാഹം തീർക്കണമെങ്കിൽ കുടിവെള്ള പൈപ്പുകളുടെ മുന്നിൽ മണിക്കൂറുകളോളം കാവൽ നിൽക്കേണ്ട അവസ്ഥയാണ് ഇവിടത്തുകാർക്ക്.
കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ പഞ്ചായത്തുകളിലെ ജനങ്ങളാണ് വർഷങ്ങളായി കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നത്. ഇത് പരിഹരിക്കാൻ ഗ്രാമ പഞ്ചായത്തുകൾക്കോ മറ്റ് ഏജൻസികൾക്കോ ഇതുവരെ സാധിച്ചിട്ടില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ വെള്ളമെത്തുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ്. അതിന് നിശ്ചിത സമയമില്ലാത്തതിനാൽ പലപ്പോഴും പൈപ്പിൻ ചുവട്ടിൽ കാത്തുകെട്ടിക്കിടക്കണം. ഇല്ലെങ്കിൽ കിട്ടുന്ന ജലം മറ്രുള്ളവർ കൊണ്ടുപോകും. പൈപ്പുപൊട്ടലാണ് ഇവരെ ബാധിക്കുന്ന മറ്റൊരു തലവേദന. ഇത് ആഴ്ചകളോളം വെള്ളം മുടങ്ങുന്നതിന് കാരണമാകും. പി.ഡബ്ല്യു.ഡി റോഡിന്റെ സൈഡിലുള്ള പൈപ്പാണ് കാത്തിരിപ്പ് മാസങ്ങൾ നീളും. പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം, കെട്ടിനിൽക്കുന്ന ഇടങ്ങളിൽ നിന്നും ശേഖരിച്ച് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നവരും പ്രദേശത്തുണ്ട്.
തഴച്ചുവളർന്ന് കുടിവെള്ള മാഫിയ
മാലിന്യം കലർന്ന വെള്ളം ഉപയോഗിക്കുന്നതിനാൽ പകർച്ചവ്യാധികളും തീരപ്രദേശത്ത് പതിവാണ്. ഇത്തരം സന്ദർഭങ്ങളിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് ഗ്രാമപഞ്ചാത്തുകൾ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാറുണ്ട്. എന്നാൽ ഇതിന് പണം നൽകണമെന്നാണ് ജനങ്ങൾ പറയുന്നത്.
സ്വകാര്യ വ്യക്തികളും ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ച് വില്പന നടത്താറുണ്ട്. അതിനവർ ലിറ്ററിന് 10 രൂപ മുതലാണ് ഈടാക്കുന്നത്. ഇതോടെ കുപ്പിവെള്ള മാഫിയകളുടെ കച്ചവടകേന്ദ്രമായി ഇവിടം മാറിയതായും ആക്ഷേപമുണ്ട്.
കരിച്ചൽ പദ്ധതി കരിയുന്നു
പ്രധാനമായും തീരപ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നത് കരിച്ചൽ പമ്പ് ഹൗസിൽ നിന്നാണ്. ഇതിന്റെ പ്രവർത്തനം അവതാളത്തിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. മൈക്രോ ഫിൽട്ടർ, നാച്വറൽ ഫിൽട്ടർ എന്നിങ്ങനെ രണ്ട് സിസ്റ്റവും പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ നാച്വറൽ സിസ്റ്റം മാത്രമാണ് പ്രവർത്തിക്കുന്നത്. നേരത്തെ മൂന്ന് ഷിഫ്റ്റായിരുന്നത് രണ്ടായി ചുരുങ്ങുകയും ചെയ്തതോടെ ജലവിതരണത്തിന്റെ തോതും കുറഞ്ഞു. നിലവിൽ ക്ലോറിനേഷൻ മാത്രമാണ് പമ്പ് ഹൗസിൽ നടത്തുന്നത്. ഇത് ചെളികലർന്ന വെള്ളം വിതരണം ചെയ്യുന്നതിന് കാരണമാകുന്നതായും പരാതിയുണ്ട്.
വേണം ചെറുകിട പ്ളാന്റുകൾ
തീരപ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 2018ൽ പൂർത്തീകരിച്ച കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രയോജനം ഇതുവരെയും പൂർണമായി ലഭിച്ചുതുടങ്ങിയിട്ടില്ല. ചപ്പാത്ത്, ചൊവ്വര, മൂലക്കര പുതിയതുറ, പൂവാർ തുടങ്ങിയ ഇടങ്ങളിൽ ചെറിയ തോതിൽ കുഴൽ കിണർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നത് മാത്രമാണ് ഏക ആശ്വാസം. നെയ്യാർ, കരിച്ചൽ കായൽ എന്നിവയിലൂടെ ഒഴുകിയെത്തുന്ന ജലത്തെ ഉപയോഗിച്ച് കുമിളി മോഡലിൽ ചെറുകിട വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കാനായാൽ തീരപ്രദേശത്തിന്റെ കുടിവെള്ള ക്ഷാമം പൂർണമായും പരിഹരിക്കാൻ കഴിയുമെന്നാണ് ജനങ്ങൾ പറയുന്നത്.
""കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർക്ക് നിവേദനം നൽകിട്ടുണ്ട്. നടപടി ഉണ്ടാകാത്തപക്ഷം പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകും.""
അടിമലത്തുറ ഡി. ക്രിസ്തുദാസ്
സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ
ജില്ലാ ജനറൽ സെക്രട്ടറി