തിരുവനന്തപുരം:ചെങ്ങറ പാക്കേജ് നടപ്പിലാക്കുക,പട്ടയം കൈപറ്റി വഞ്ചിതരായവർക്ക് ഭൂമി നൽകുക എന്നാവശ്യപ്പെട്ട് വിവിധ ദളിത് ആദിവാസി സംഘടനകളുടെയും ചെങ്ങറ-അരിപ്പ സമര സമിതിയുടെയും നേതൃത്വത്തിൽ സെമിനാർ നടത്തി. 'ചെങ്ങറ പട്ടയ ഉടമകളും,ഹാരിസൺസ് പട്ടയമില്ലാത്ത ജന്മിയും' എന്ന വിഷയത്തിൽ നടന്ന അവകാശ സെമിനാർ കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്തു.അരിപ്പ ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷത വഹിച്ചു.ദളിത്-ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ ജനറൽ കൺവീനർ സി.എസ്.മുരളി വിഷയാവതരണം നടത്തി.കേരള ചേരമർ സംഘം ജനറൽ സെക്രട്ടറി ഐ.ആർ.സദാനന്ദൻ,കേരള ദളിത് പാന്തേഴ്സ് സംസ്ഥാന പ്രസിഡന്റ് പ്രേംനാഥ് വയനാട്,ഏക്ത പരിഷത്ത് സംസ്ഥാന സമിതിയംഗം പി.വൈ.അനിൽകുമാർ,സാധുജന വിമോചന സംയുക്തവാദി വൈസ് പ്രസിഡന്റ് രാമചന്ദ്രൻ വടശേരിക്കര,സംഭവ മഹാസഭ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് സതീഷ് മല്ലശേരി,എ.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് സുകേശിനി,എസ്.എം.എസ് വനിതാ വിഭാഗം പ്രസിഡന്റ് സരള ശശി,സമര സമിതി കൺവീനർമാരായ രാജേന്ദ്രൻ ചെങ്ങറ, സരോജിനി വാലുങ്കൽ, ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി വി.രമേശൻ എന്നിവർ പങ്കെടുത്തു. ജനുവരി 2ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ 100 മണിക്കൂർ സത്യഗ്രഹം സംഘടിപ്പിക്കും.