
ഓപ്പോൾ എന്ന സിനിമയിലൂടെ എന്നെ മലയാളികൾക്കു പരിചയപ്പെടുത്തിയത് കെ.എസ്. സേതുമാധവൻ സാറാണ്. ഓപ്പോൾ എന്നാണ് എന്നെ വിളിച്ചിട്ടുള്ളത്. ഞാൻ ഓപ്പോൾ എന്ന് അറിയപ്പെടുന്നത് അദ്ദേഹം കാരണമാണ്. സാർ ഇനിയില്ലെന്നു വിശ്വസിക്കാൻ കഴിയുന്നില്ല.
അഭിനയം മാത്രമല്ല, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, പൊതുസദസിൽ എങ്ങനെയാകണം എന്നെല്ലാം എന്നെ പഠിപ്പിച്ചത് സാറാണ്. പണ്ട് നാക്കു വളച്ച് മൂക്കിൽ തൊടുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു. എവിടെയിരുന്നാലും അങ്ങനെ ചെയ്യും. ഓപ്പോളിന്റെ നൂറാം ദിനാഘോഷ ചടങ്ങിൽ, നിനക്കൊരു സമ്മാനമുണ്ടെന്ന് പറഞ്ഞ് ഒരു കവർ തന്നു. തുറന്നപ്പോൾ ഞാൻ നാക്കു മൂക്കിൽ തൊടുന്ന ചിത്രങ്ങൾ. ഞാൻ 'അയ്യേ' എന്നാക്കി. അപ്പോൾ സാറ് പറഞ്ഞു, 'നിനക്കു തന്നെ ഇത് അരോചകമാണെങ്കിൽ മറ്റുള്ളവരുടെ ചിന്ത എന്തായിരിക്കും!' അതിനു ശേഷം ഇതുവരെ ഞാൻ അങ്ങനെ ചെയ്തിട്ടില്ല.
1982 ൽ എന്റെ അച്ഛന് വാഹനാപകടത്തിൽ പരിക്കു പറ്റിയ സമയം. ഞങ്ങൾക്ക് താമസിച്ചിരുന്ന വീട് മാറേണ്ടി വന്നു. പുതിയ വീട് ശരിയാകുന്നതുവരെ ഡയറക്ടേഴ്സ് കോളനിയിലെ അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ താമസിക്കാൻ പറഞ്ഞു. അവിടെവച്ചാണ് അച്ഛൻ മരിച്ചത്. അതേ വീട്ടിൽ വച്ചുതന്നെ ഇപ്പോൾ സാറും പോയി. അച്ഛൻ സീരിയസായി ആശുപത്രിയിലാകുമ്പോൾ ഞാൻ പാലക്കാട്ട് ഷൂട്ടിംഗിലായിരുന്നു. അച്ഛന് അസുഖം കൂടുതലാണെന്ന് ഫോൺ വന്നിട്ടും ഷൂട്ടിംഗ് മുടങ്ങുമെന്നു കരുതി ആരും എന്നെ അറിയിച്ചില്ല. യാദൃച്ഛികമായി ഞാൻ ഫോൺ എടുത്തപ്പോൾ സാർ ദേഷ്യപ്പെട്ടു. എത്ര ദിവസമായി ഞാൻ നിന്നെ വിളിക്കുന്നു; അച്ഛനെ കാണണമെങ്കിൽ ഇന്നു തന്നെ ട്രെയിൻ കയറി വരാൻ പറഞ്ഞു.
പക്ഷേ ഷൂട്ടിംഗ് തീർത്ത് പിറ്റേന്നു രാവിലെയാണ് എനിക്ക് പോകാനായത്. ഞാൻ ചെല്ലുമ്പോഴേക്കും അച്ഛന്റെ ബോധം മറഞ്ഞിരുന്നു. സർ എന്നെ വഴക്കു പറഞ്ഞ ഒരേയൊരു സന്ദർഭമാണത്. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച് അദ്ദേഹം മടങ്ങി.