കള്ളിക്കാട്: നെയ്യാർഡാം ജലാശയത്തിൽ കാലഹരണപ്പെട്ട ബോട്ടുകളിൽ നിന്നുള്ള എണ്ണ പടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കേരളത്തിലെ മറ്റ് ഡാമുകളിൽ സോളാറും വൈദ്യുതിയും ഉപയോഗിച്ച് സർവീസ് നടത്തുന്ന ബോട്ടുകൾ ഉപയോഗപ്പെടുത്തുമ്പോൾ നെയ്യാറിൽ ഫിറ്റ്നസ് നഷ്ടപ്പെട്ട ബോട്ടുകളാണ് ഇപ്പോഴും സഞ്ചാരികൾക്കായുള്ളത്. ഇവയുടെ എൻജിനിൽ നിന്നുള്ള എണ്ണയാണ് വെള്ളത്തിൽ പടരുന്നത്. അഞ്ച് പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന കാളിപ്പാറ പദ്ധതി ഡാം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഡാമിലെ വെള്ളം ഉപയോഗിക്കുന്ന ജനങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും ആശങ്കയുണ്ട്. ഒപ്പം ഡാമിൽ അധിവസിക്കുന്ന അപൂർവ ഇനം മത്സ്യങ്ങളുടെയും ജല ജീവികളുടെയും അതിജീവനത്തിന് ഇത് തടസമാകുമെന്നും പരിസ്ഥിതി സ്നേഹികൾ പറയുന്നു.
സഞ്ചാരികൾക്ക് ഭീഷണി ഉയർത്തി ഫിറ്റ്നസ് ഇല്ലാത്ത ബോട്ടുകളാണ് നെയ്യാറി
ൽ ഉപയോഗിക്കുന്നതെന്ന് നേരത്തെയും പരാതി ഉയർന്നിരുന്നു. എന്നാൽ പുതിയ ബോട്ടുകൾ എത്തിക്കാൻ വർഷങ്ങൾക്ക് മുമ്പ് മുപ്പതു ലക്ഷം രൂപയിലധികം വിഴിഞ്ഞത്തെ കമ്പനിക്ക് കൈമാറി എന്ന് പറയുമ്പോഴും ഇതേവരെ ബോട്ടുമില്ല കാശുമില്ലാത്ത അവസ്ഥയാണ്. ഇപ്പോഴുള്ള ബോട്ടുകളിലധികവും പതിറ്റാണ്ടുകൾ പഴക്കമുള്ളവയാണ്. പലതിനും എൻജിൻ തകരാറുകളുണ്ട്. അറ്റകുറ്റപ്പണികൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പലതും അടിക്കടി കട്ടപ്പുറത്താകും. ഇതിനിടെയാണ് നെയ്യാറിലെ ജലം മലിനമാക്കി എണ്ണച്ചോർച്ചയും ഉണ്ടാകുന്നത്.