ചിറയിൻകീഴ് : ശിവഗിരി തീർത്ഥാടന സന്ദേശങ്ങൾ വിളിച്ചറിയിച്ചുള്ള ആദ്യ തീർത്ഥാടന വിളംബര രഥയാത്ര ഇന്ന് ശാർക്കര ഗുരുക്ഷേത്ര സന്നിധിയിൽ നിന്നാരംഭിക്കും.ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിലുളള രഥഘോഷയാത്രയിൽ 89-ാമത് തീർത്ഥാടനത്തെ അനുസ്മരിപ്പിച്ച് പീതവസ്ത്രധാരികളായ 89 ഗുരുവിശ്വാസികൾ അണിനിരക്കും. രഥയാത്രയെ 100 കണക്കിനു വാഹനങ്ങൾ അകമ്പടി സേവിക്കും.രാവിലെ 9ന് ഗുരുക്ഷേത്ര മണ്ഡപത്തിൽ അടൂർ പ്രകാശ് എം.പി യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തന് പീതപതാക കൈമാറി വിളംബരയാത്ര ഉദ്ഘാടനം ചെയ്യും. ഗുരുക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഡോ.ബി. സീരപാണിയുടെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി മുഖ്യാതിഥിയായി പങ്കെടുക്കും. യോഗം കൗൺസിലർ ഡി.വിപിൻ രാജ്, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, നോബിൾ സ്കൂൾസ് മാനേജർ പി.സുഭാഷ് ചന്ദ്രൻ, സേവനം യു.എ.ഇ കൺവീനർ പ്രസാദ് ശ്രീധരൻ, യോഗം ഡയറക്ടർ അഴൂർ ബിജു, പുതുക്കരി സിദ്ധാർത്ഥൻ,യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, അജീഷ് കടയ്ക്കാവൂർ, സജി വക്കം, അജി കീഴാറ്റിങ്ങൽ, എസ്. സുന്ദരേശൻ, ഡോ.ജയലാൽ, ഉണ്ണിക്കൃഷ്ണൻ ഗോപിക, ജി. ജയചന്ദ്രൻ , വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ജലജ തിനവിള, സലിത, രമണി ടീച്ചർ വക്കം,ലതിക പ്രകാശ്, എസ്എൻ ട്രസ്റ്റ് അംഗങ്ങളായ പുതുക്കരി സന്തോഷ്, ബൈജു തോന്നയ്ക്കൽ, കെ. രഘുനാഥൻ, ആർ.ബാലാനന്ദൻ എന്നിവർ പ്രസംഗിക്കും. വിളംബര രഥയാത്ര ശാർക്കര കടകം ജംഗ്ഷൻ വഴി ചിറയിൻകീഴ്, അഴൂർ, കിഴുവിലം ഗ്രാമ പഞ്ചായത്തുകളിലെ എസ്.എൻ.ഡി.പി ശാഖാ യോഗങ്ങൾ, ഗുരുമണ്ഡപങ്ങൾ എന്നിവിടങ്ങളിലെത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയ്ക്ക് ഒന്നരയോടെ ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ സമാപിക്കും. തുടർന്നു ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം രണ്ടരയ്ക്ക് വലിയകട, പണ്ടകശാല വഴി കടയ്ക്കാവൂർ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിൽ സന്ദർശനം പൂർത്തിയാക്കി വൈകിട്ടു ആറരയോടെ വക്കം പഞ്ചായത്തിലെ ഇറങ്ങുകടവ് ഗുരുക്ഷേത്ര മണ്ഡപത്തിൽ പൗര സ്വീകരണത്തോടെ സമാപിക്കും. വിളംബര രഥയാത്രയിൽ പങ്കെടുക്കാനെത്തുന്ന വാഹനങ്ങൾ രാവിലെ 8.30 നു മുൻപായി ശാർക്കര മൈതാനിയിൽ എത്തിച്ചേരണമെന്ന് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തനും സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും അറിയിച്ചു. ഫോൺ: 9447044220.